വിടവാങ്ങൽ മത്സരത്തിൽ സെഞ്ച്വറി, അലീസ ഹീലിയ്ക്ക് രാജകീയ വരവേൽപ്പ്, ഇന്ത്യയെ വൈറ്റ് വാഷ് ചെയ്ത് ഓസീസ്
ഓസ്ട്രേലിയന്‍ വനിതാ ക്രിക്കറ്റിലെ ഇതിഹാസ താരം അലീസ ഹീലിക്ക് ഏകദിന ക്രിക്കറ്റില്‍ നിന്ന് സമാനതകളില്ലാത്ത വിടവാങ്ങല്‍. ഇന്ത്യയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ 158 റണ്‍സിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സുമായി കളം നിറഞ്ഞ അലീസ ഹീലി തന്റെ കരിയറിലെ അവസാന ഏകദിന മത്സരം അവിസ്മരണീയമാക്കി. മത്സരത്തില്‍ ഇന്ത്യയെ 185 റണ്‍സിന് തകര്‍ത്ത് ഓസ്ട്രേലിയ ഏകദിന പരമ്പരയും (3-0) സ്വന്തമാക്കി.
ഹൊബാര്‍ട്ടിലെ ബെല്ലെറൈവ് ഓവലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്ക് വേണ്ടി ഹീലിയും ബെത്ത് മൂണിയും ഇന്ത്യന്‍ ബൗളര്‍മാരെ നിലം പരിശാാക്കുകയായിരുന്നു. അലീസ ഹീലി വെറും 98 പന്തില്‍ 27 ഫോറും 2 സിക്‌സറുമടക്കം 158 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ ബെത്ത് മൂണി 106 റണ്‍സുമായി പുറത്താകാതെ നിന്നു. ഇരുവരുടെയും കരുത്തില്‍ ഓസ്ട്രേലിയ നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 409 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് സ്വന്തമാക്കിയത്. ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ ശ്രീ ചരണി നൂറിലധികം റണ്‍സാണ് വിട്ടുകൊടുത്തത്.
ഓസീസ് ഉയര്‍ത്തിയ വമ്പന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് തുടക്കത്തിലെ പിഴച്ചു.സൂപ്പര്‍ താരം സ്മൃതി മന്ദാന റണ്ണൊന്നുമെടുക്കാതെ പുറത്തായപ്പോള്‍ ജെമീമ റോഡ്രിഗസ് (42), സ്‌നേഹ് റാണ (44) എന്നിവര്‍ മാത്രമാണ് അല്പമെങ്കിലും പൊരുതിയത്. അലാന കിംഗിന്റെ (4/32) മാരക ബൗളിംഗിന് മുന്നില്‍ ഇന്ത്യന്‍ നിര 45.1 ഓവറില്‍ 224 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. നേരത്തെ തന്റെ അവസാന ഏകദിന മത്സരം കളിക്കാനായെത്തിയ അലീസ ഹീലിയെ ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം 'ഗാര്‍ഡ് ഓഫ് ഓണര്‍' നല്‍കിയാണ് സ്വീകരിച്ചത്. മാര്‍ച്ച് 6-ന് പെര്‍ത്തില്‍ ആരംഭിക്കുന്ന ഇന്ത്യക്കെതിരായ ഏക ടെസ്റ്റ് മത്സരത്തോടെ ഹീലി എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കും. ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ഒരാളായാണ് അലീസ ഹീലി തന്റെ ക്രിക്കറ്റ് യാത്ര അവസാനിപ്പിക്കുന്നത്.