കടിച്ചുതൂങ്ങില്ല, നിർത്താൻ സമയമായാൽ വൈകിപ്പിക്കില്ല, വിരമിക്കൽ പദ്ധതികളെ പറ്റി കെ എൽ രാഹുൽ

KL Rahul
അഭിറാം മനോഹർ| Last Modified ചൊവ്വ, 27 ജനുവരി 2026 (19:29 IST)
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ സ്‌റ്റൈലിഷ് ബാറ്റര്‍ കെ.എല്‍ രാഹുല്‍ തന്റെ കരിയറിലെ ഏറ്റവും നിര്‍ണ്ണായകമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.ഇന്ത്യയുടെ ഏകദിന ടെസ്റ്റ് ടീമുകളുടെ പ്രധാന താരങ്ങളില്‍ ഒരാളാണെങ്കിലും തന്റെ വിരമിക്കല്‍ ചിന്തകളെ പറ്റി തുറന്ന് സംസാരിച്ചിരിക്കുകയാണ് കെ എല്‍ രാഹുല്‍. മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണുമായി സംസാരിക്കവെയാണ് രാഹുല്‍ മനസ്സ് തുറന്നത്.


ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ഞാന്‍ ഗൗരവമായി ചിന്തിച്ചിട്ടുണ്ട്. എന്റെ കളി ടീമിന് ഗുണകരമാകുന്നില്ലെന്ന് ബോധ്യപ്പെട്ടാല്‍ ഒരു നിമിഷം പോലും വൈകാതെ ഞാന്‍ കളം വിടും. അനാവശ്യമായി സ്ഥാനങ്ങളില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ എനിക്ക് താല്പര്യമില്ല. സന്തോഷത്തോടെയും സംതൃപ്തിയോടെയും വേണം പാഡഴിക്കാന്‍. രാഹുല്‍ പറയുന്നു.

എന്റെ കുഞ്ഞിന്റെ ജനനത്തിന് ശേഷം ജീവിതത്തെ നോക്കികാണുന്നതില്‍ വലിയ വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. ക്രിക്കറ്റിനപ്പുറം ജീവിതമുണ്ട്. വിരമിക്കാന്‍ സമയമാകുമ്പോള്‍ അത് നീട്ടികൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നില്ല. കെ എല്‍ രാഹുല്‍ പറയുന്നു. എനിക്ക് നിരന്തരം പരുക്കുകള്‍ പറ്റിയ സമയമുണ്ടായിരുന്നു. ആ സമയം മാനസികമായും മോശം അവസ്ഥയാണ്. തുടര്‍ച്ചയായി പരിക്കുകള്‍ സംഭവിക്കുമ്പോള്‍ കരിയര്‍ അവസാനിപ്പിക്കാമെന്ന ചിന്ത പോലുമുണ്ടാകും.രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

32കാരനായ രാഹുല്‍ ഇന്ത്യയ്ക്കായി 67 ടെസ്റ്റുകളില്‍ നിന്ന് 35.8 ശരാശരിയില്‍ 4053 റണ്‍സും 94 ഏകദിനങ്ങളില്‍ നിന്ന് 3360 റണ്‍സും നേടിയിട്ടുണ്ട്.ടി20യില്‍ 37 റണ്‍സ് ശരാശരിയില്‍ 2265 റണ്‍സും രാഹുലിന്റെ പേരിലുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :