ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്
തന്റെ ബാറ്റിംഗ് വിജയത്തിന്റെ ക്രെഡിറ്റ് ടീം പരിശീലകനായ ദിനേഷ് കാര്‍ത്തികിനാണ് ടിം ഡേവിഡ് നല്‍കിയത്.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ നടന്ന നിര്‍ണ്ണായക മത്സരത്തില്‍ ആര്‍സിബിക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത് ടിം ഡേവിഡിന്റെ തകര്‍പ്പന്‍ ബാറ്റിംഗായിരുന്നു. 8 സിക്‌സറുകളും 3 ഫോറുകളും ഉള്‍പ്പെടെ വെറും 25 പന്തില്‍ നിന്ന് 70 റണ്‍സാണ് താരം അടിച്ചെടുത്തത്. ഇതില്‍ തന്നെ ജാമി ഓവര്‍ട്ടണ്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 30 റണ്‍സായിരുന്നു ടിം ഡേവിഡ് സ്വന്തമാക്കിയത്. മത്സരശേഷം തന്റെ പ്രകടനത്തിന് പിന്നിലെ കഠിനാധ്വാനത്തെക്കുറിച്ചും ടീമിലെ മുതിര്‍ന്ന താരങ്ങളുടെ പിന്തുണയെക്കുറിച്ചും ഡേവിഡ് മനസ്സ് തുറക്കുകയും ചെയ്തു. തന്റെ ബാറ്റിംഗ് വിജയത്തിന്റെ ക്രെഡിറ്റ് ടീം പരിശീലകനായ ദിനേഷ് കാര്‍ത്തികിനാണ് ടിം ഡേവിഡ് നല്‍കിയത്.
തന്റെ ബാറ്റിംഗ് ശൈലി മെച്ചപ്പെടുത്തുന്നതില്‍ ആര്‍സിബിയുടെ ബാറ്റിംഗ് കോച്ചും മുന്‍ താരവുമായ ദിനേഷ് കാര്‍ത്തിക്കിന് വലിയ പങ്കുണ്ടെന്നാണ് ടിം ഡേവിഡ് വ്യക്തമാക്കിയത്. ചിന്നസ്വാമി സ്റ്റേഡിയത്തിലെ ബൗണ്ടറികളുടെ വലിപ്പവും പിച്ചിലെ മാറ്റങ്ങളും കണക്കിലെടുത്ത് എങ്ങനെ കൃത്യമായി പന്ത് ഹിറ്റ് ചെയ്യണമെന്നതില്‍ കാര്‍ത്തിക് പ്രത്യേക പരിശീലനം തന്നെ നല്‍കിയിരുന്നു. ചിന്നസ്വാമിയില്‍ എങ്ങനെ കളിക്കണമെന്നത് മനസിലാക്കാന്‍ ഇത് വളരെയധികം സഹായിച്ചിട്ടുണ്ട്. പരിശീലന സമയത്ത് ഞങ്ങള്‍ ഒരുപാട് സമയം ഒരുമിച്ച് ചിലവഴിച്ചു. ഏത് ബൗളറെ ലക്ഷ്യം വയ്ക്കണം, എപ്പോള്‍ ആക്രമിക്കണം എന്നതിനെക്കുറിച്ചെല്ലാം കൃത്യമായ പ്ലാനുകള്‍ അദ്ദേഹം നല്‍കിയിരുന്നു. ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും പന്ത് എത്തിക്കാന്‍ കഴിയുന്ന തരത്തിലുള്ള പരിശീലനമാണ് ഡി.കെ എനിക്ക് നല്‍കിയത്. ടിം ഡേവിഡ് പറഞ്ഞു. ഈ ഉപദേശങ്ങളാണ് ഡെത്ത് ഓവറുകളില്‍ തനിക്ക് സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ സഹായകമായതെന്നും ടിം ഡേവിഡ് വ്യക്തമാക്കി.