വൈറ്റ് ഹൗസ് ഇപ്പോള്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളോട് യാചിക്കുകയാണ്: റഷ്യയുടെ എണ്ണ വാങ്ങുന്നതില്‍ അമേരിക്കയെ വിമര്‍ശിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി
റഷ്യന്‍ എണ്ണയോടുള്ള അമേരിക്കയുടെ നിലപാടിനെതിരെ ഇറാനിയന്‍ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരാഗ്ചി. ഇത്തരം ഇറക്കുമതികള്‍ നിര്‍ത്താന്‍ നേരത്തെ സമ്മര്‍ദ്ദം ചെലുത്തിയിട്ടും ഇന്ത്യയുള്‍പ്പെടെ ലോകമെമ്പാടുമുള്ള രാജ്യങ്ങളോട് റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങാന്‍ വാഷിംഗ്ടണ്‍ ഇപ്പോള്‍ യാചിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തലാക്കാന്‍ ഇന്ത്യയെ ഭീഷണിപ്പെടുത്താന്‍ യുഎസ് മാസങ്ങള്‍ ചെലവഴിച്ചു. ഇറാനുമായുള്ള രണ്ടാഴ്ചത്തെ യുദ്ധത്തിന് ശേഷം വൈറ്റ് ഹൗസ് ഇപ്പോള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകത്തോട് റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങാന്‍ യാചിക്കുന്നു.- അദ്ദേഹം പറഞ്ഞു.
മിഡില്‍ ഈസ്റ്റ് മേഖലയിലെ സംഘര്‍ഷത്തിനിടയില്‍ ഇന്ത്യയുടെ പതാക വഹിച്ച രണ്ട് ദ്രവീകൃത പെട്രോളിയം ഗ്യാസ് (എല്‍പിജി) കാരിയറുകളെ ഹോര്‍മുസ് കടലിടുക്കിലൂടെ കടത്തിവിടാന്‍ ഇറാന്‍ അനുവദിച്ചിട്ടുണ്ട്. ഈ വിഷയത്തെക്കുറിച്ച് നേരിട്ട് അറിവുള്ള സ്രോതസ്സുകളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് 1 ന് ഹോര്‍മുസ് കടലിടുക്ക് വഴി കടന്ന സൗദി അറേബ്യന്‍ എണ്ണ വഹിക്കുന്ന ഒരു ക്രൂഡ് ഓയില്‍ ടാങ്കര്‍ ശനിയാഴ്ച ഇന്ത്യയിലെത്തുമെന്ന് ലോയിഡ്‌സ് ലിസ്റ്റ് ഇന്റലിജന്‍സില്‍ നിന്നുള്ള രണ്ട് സ്രോതസ്സുകളെയും ഷിപ്പിംഗ് ഡാറ്റയെയും ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
