രണ്ടും കൽപ്പിച്ച് ട്രംപ്; അഞ്ച് ഇറാനിയൻ ടാങ്കറുകൾ തകർത്തു, ജോർദാനിൽ ഇറാന്റെ തിരിച്ചടി
US vs Iran
പശ്ചിമേഷ്യയിൽ വീണ്ടും അശാന്തി പുകയുന്നു. ഇറാന്റെ അഞ്ച് ടാങ്കറുകൾ തകർത്തതായി യുഎസ് അവകാശപ്പെട്ടു. ഇറാനെ ആക്രമിക്കുകയെന്ന തീരുമാനത്തിൽ നിന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്നോട്ടില്ല.
പ്രതികാര നടപടിയെന്ന് യുഎസ്
അഞ്ച് ഇറാനിയൻ ടാങ്കറുകൾ തകർത്തെന്നാണ് യുഎസ് അവകാശപ്പെടുന്നത്. യുദ്ധക്കപ്പലിനു നേരെയുണ്ടായ ആക്രമണത്തിന് പ്രതികാര നടപടിയാണിതെന്നും അമേരിക്ക പറയുന്നു. ചൊവ്വാഴ്ച രാത്രി ജാസ്‌കിന്റെ തെക്കൻ തുറമുഖത്തിനും പേർഷ്യൻ ഗൾഫിലെ ഖാർഗ് ദ്വീപിനും സമീപം നിലയുറപ്പിച്ചിരുന്ന എണ്ണ ടാങ്കറുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ജീവനക്കാരെ ഒഴിപ്പിച്ചതായാണ് വിവരം. ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനുനേരെയും ആക്രമണം നടന്നതായി റിപ്പോർട്ടുണ്ട്.
തിരിച്ചടിച്ച് ഇറാൻ
യുദ്ധത്തിൽ തോൽവി സമ്മതിക്കാൻ ഇറാൻ ഒരുക്കമല്ല. ടാങ്കറുകൾക്കെതിരായ ആക്രമണത്തിൽ ഇറാൻ തിരിച്ചടിച്ചു. ജോർദാനിലെ യുഎസ് കേന്ദ്രങ്ങൾ വക്ഷ്യമിട്ട് ഇറാൻ മിസൈലുകൾ വിക്ഷേപിച്ചതായാണ് വാർത്ത. ഇറാൻ വിക്ഷേപിച്ച 18 ബാലിസ്റ്റിക് മിസൈലുകൾ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞുവെന്നും മറ്റ് രണ്ടെണ്ണം ആരും താമസിക്കാത്ത സ്ഥലങ്ങളിൽ പതിച്ചെന്നും ജോർദാൻ സൈന്യം അറിയിച്ചു. ഇറാന്റെ ആക്രമണവുമായി ബന്ധപ്പെട്ട് യുഎസ് കമാൻഡോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഹോർമുസിൽ അശാന്തി
ആറ് മാസമായി ഇറാനും അമേരിക്കയും തമ്മിൽ തുടരുന്ന ഉപരോധങ്ങൾക്കും തുറന്ന യുദ്ധത്തിനുമിടെയാണ് പുതിയ ആക്രമണം. ഹോർമുസ് കടലിടുക്ക് പിടിച്ചെടുത്ത് ഇറാനെകൊണ്ട് മറുപടി പറയിക്കാതെ ആക്രമണങ്ങൾ അവസാനിപ്പിക്കില്ല എന്നാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ പ്രതികരണം.
എണ്ണവില കുതിച്ചുയരുന്നു
ഹോർമുസ് കടലിടുക്കിന്റെ അവകാശ തർക്കം തുടരുന്നത് എണ്ണ വിപണിയെ സാരമായി ബാധിച്ചിരിക്കുന്നു. ഹോർമുസ് കടലിടുക്ക് വഴി എണ്ണകപ്പലുകൾ കടന്നുപോകുന്നത് കുറഞ്ഞു. ജലപാതയിലൂടെയുള്ള യാത്ര സാധ്യമാകാതെ വന്നതോടെ അന്താരാഷ്ട്ര വിപണികളിൽ എണ്ണ വില കുതിച്ചുയരുകയാണ്. അന്താരാഷ്ട്ര നിലവാരമുള്ള ബ്രെന്റ് ക്രൂഡോയിലിന്റെ വില ഒരു ബാരലിന് 99.46 ഡോളറായി ഉയർന്നു. Also Read: എപ്പോ പോകുമെന്ന് പറയാൻ പറ്റില്ല; കൈമലർത്തി കെ.എസ്.ഇ.ബി, സർക്കാരിനെതിരെ വ്യാപക വിമർശനം