റോബോട്ട് ബോട്ടുകൾ ഉപയോഗിച്ച് ഹോർമുസിലെ മൈനുകളെല്ലാം നീക്കിയെന്ന് യുഎസ്: അസാധ്യമെന്ന് ഇറാൻ
തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കില്‍ നാല് മാസത്തെ രഹസ്യദൗത്യത്തിലൂടെ യുഎസ് നാവികസേന ഇറാന്‍ സ്ഥാപിച്ച മൈനുകള്‍ നീക്കം ചെയ്തതായി റിപ്പോര്‍ട്ട്.
തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കില്‍ നാല് മാസത്തെ രഹസ്യദൗത്യത്തിലൂടെ യുഎസ് നാവികസേന ഇറാന്‍ സ്ഥാപിച്ച മൈനുകള്‍ നീക്കം ചെയ്തതായി റിപ്പോര്‍ട്ട്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യുഎസ് സൈന്യവും ദൗത്യവിവരം സ്ഥിരീകരിച്ചിരുന്നു. ഫെബ്രുവരിയില്‍ യുഎസ് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇറാന്‍ ഹോര്‍മുസ് കടലിടുക്കിലെ അന്താരാഷ്ട്ര കടല്‍ അതിര്‍ത്തിയില്‍ മൈനുകള്‍ സ്ഥാപിച്ചത്. ഏകദേശം എണ്‍പതോളം മൈനുകള്‍ ഇത്തരത്തില്‍ സ്ഥാപിച്ചിരുന്നതായാണ് ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗണൈസേഷന്‍ പറയുന്നത്.
രാത്രികാലങ്ങളിലാണ് യുഎസ് സേന മൈല്‍ നീക്കം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി നാവികസേനയുടെ കോമണ്‍ അണ്‍ക്രൂഡ് സര്‍ഫേസ് വെസല്‍ പോലെയുള്ള റോബോട്ട് ബോട്ടുകളും സോണാര്‍ സംവിധാനങ്ങളും ഉപയോഗിച്ചാണ് കടലിന്റെ അടിത്തട്ടിലുള്ള മൈനുകള്‍ കണ്ടെത്തിയത്. ഹൈ റസല്യൂഷന്‍ ക്യാമറകളുടെ സഹായത്തോടെ മൈനുകള്‍ക്ക് സമീപം നാവികസേനയുടെ മുങ്ങല്‍വിദഗ്ധര്‍ നേരിട്ടെത്തി സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിച്ച് തകര്‍ക്കുകയായിരുന്നു. ഇതിനിടെ പുതിയ മൈനുകള്‍ സ്ഥാപിക്കാന്‍ ഇറാന്‍ ശ്രമിച്ചാല്‍ അതിനെ ഉടന്‍ തകര്‍ക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ മൈനുകളുടെ കൃത്യമായ സ്ഥാനം ഇറാനല്ലാതെ മറ്റാര്‍ക്കും അറിയില്ലെന്നാണ് ഇറാന്റെ പ്രതികരണം.
