അതൃപ്തിയിലുറച്ച് അടൂർ പ്രകാശ്; ഹൈക്കമാൻഡിന് പരാതി, സതീശൻ ക്യാംപ് ആശങ്കയിൽ
മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ ദേശീയ നേതൃത്വത്തിനോട് പരാതി പറയാനുറച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. സതീശൻ അനുകൂലികളുടെ സൈബർ ആക്രമണത്തിനു പിന്നാലെയാണ് നിലപാട് മയപ്പെടുത്തേണ്ട ആവശ്യമില്ലെന്ന തീരുമാനത്തിലേക്ക് അടൂർ പ്രകാശ് എത്തിയത്.
എഐസിസിയെ അതൃപ്തി അറിയിക്കും
ഡൽഹിയിലേക്ക് പോകുന്ന അടൂർ പ്രകാശ് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. വി.ഡി.സതീശൻ തന്നിഷ്ടം കാണിക്കുകയാണെന്ന പരാതി അടൂർ പ്രകാശ് ദേശീയ നേതൃത്വത്തെ അറിയിക്കും. സംസ്ഥാനത്തെ മുതിർന്ന നേതാക്കളിലും സതീശനെതിരായ വികാരം ശക്തമാണെന്ന് അടൂർ പ്രകാശ് ദേശീയ നേതൃത്വത്തെ ബോധിപ്പിക്കും.
സൈബർ ആക്രമണം
വാർത്താസമ്മേളനത്തിൽ അടൂർ പ്രകാശ് വിമർശനം ഉന്നയിച്ചതിനു പിന്നാലെ സതീശൻ അനുകൂലികൾ കടുത്ത സൈബർ ആക്രമണമാണ് യുഡിഎഫ് കൺവീനർക്കെതിരെ നടത്തുന്നത്. അടൂർ പ്രകാശിന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകൾക്ക് താഴെയാണ് സതീശൻ അനുകൂലികൾ സൈബർ ആക്രമണം.
' താൻ ഇങ്ങനെ തന്നെ പറയണം. ഇനി ജയിച്ചാൽ അല്ലെ താനൊക്കെ കൊണയ്ക്കൂ'
' താങ്കൾക്ക് വല്ല പരാതിയും ഉണ്ടെങ്കിൽ അത് നേതൃത്വത്തെ അറിയിച്ചു കൂടെ? അത് പത്രമാധ്യമങ്ങളിലൂടെ അറിയിക്കേണ്ട ആവശ്യമുണ്ടോ? താങ്കളെപ്പോലുള്ളവരാണ് ഈ പാർട്ടിയുടെ ശാപം.'
'നീ രാജിവച്ചു പോടാ ചെറ്റേ... നിന്നെ ഒക്കെ ആർക്കു വേണം പര നാറി'
എന്നിങ്ങനെ നിരവധി മോശം കമന്റുകളാണ് അടൂർ പ്രകാശിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ
കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റണം
അടൂർ പ്രകാശിനെ യുഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് വലിയൊരു വിഭാഗം കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെടുന്നു. പാർട്ടിക്കെതിരെയാണ് അടൂർ പ്രകാശിന്റെ നീക്കമെന്നും സതീശനെ താഴെ ഇറക്കാൻ ഗ്രൂപ്പ് കളിക്കുന്നയാൾ മുന്നണി കൺവീനർ ആയി തുടരുന്നത് ശരിയല്ലെന്നും കോൺഗ്രസുകാർ പറയുന്നു.
യുഡിഎഫ് കൺവീനർ പറഞ്ഞത്
മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ കെപിസിസി ആസ്ഥാനത്ത് അടൂർ പ്രകാശ് നടത്തിയ വാർത്താസമ്മേളനമാണ് ഇപ്പോഴത്തെ ചേരിപോരിന് കാരണം. യുഡിഎഫ് കൺവീനർ എന്ന നിലയിൽ താനുമായും മുന്നണി സംവിധാനവുമായും യാതൊരു കൂടിയാലോചനകളും ഇല്ലാതെയാണ് പല തീരുമാനങ്ങളും എടുക്കുന്നതെന്ന് അടൂർ പ്രകാശ് ആഞ്ഞടിച്ചു. തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയുണ്ടായെന്ന് കൺവീനർ തുറന്നുപറഞ്ഞു. പ്രതീക്ഷ പ്രകടനം നടത്താൻ സാധിച്ചിട്ടില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും മുന്നണിക്കുള്ളിൽ നടന്നിട്ടില്ല. പവർകട്ടും ഹെലികോപ്റ്റർ യാത്രയും ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കി. മുന്നണിക്കുള്ളിൽ യാതൊരു ചർച്ചകളും ഇപ്പോൾ നടക്കുന്നില്ലെന്നും അടൂർ പ്രകാശ് ആരോപിച്ചു. ബോർഡ് നിയമനങ്ങൾ യുഡിഎഫിൽ ചർച്ച നടന്നിട്ടില്ല. പല കാര്യങ്ങളും യുഡിഎഫ് കൺവീനർ ആയ താൻ അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. അതൊരു വിഷമമുണ്ടാക്കുന്ന കാര്യമാണ്. ഇക്കാര്യങ്ങളിലൂടെ പരാതി എഐസിസി നേതൃത്വത്തെ താൻ അറിയിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു. Also Read: ആ വിവാഹത്തോട് മഞ്ജുവിന്റെ വീട്ടുകാർ തുടക്കംമുതലേ എതിർപ്പ് അറിയിച്ചു; കാരണം ഇതാണ്
