ഒമാന്‍ തീരത്ത് മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവം: യുഎസ് ഏകദേശം 60 തവണ ടാങ്കറിന് മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്
ഒമാന്‍ ഉള്‍ക്കടലില്‍ യുഎസ് സൈന്യം പ്രവര്‍ത്തനരഹിതമാക്കിയ പലാവു പതാകയുള്ള കപ്പല്‍ 60 ഓളം മുന്നറിയിപ്പുകള്‍ അവഗണിച്ചുവെന്ന് റിപ്പോര്‍ട്ട്. ഒരു യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള എപി റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് ടാങ്കര്‍ സെറ്റെബെല്ലോയുടെ ജീവനക്കാര്‍ യുഎസ് സൈനിക വിമാനങ്ങളുടെ കുറഞ്ഞത് എട്ട് ശക്തി പ്രകടനങ്ങളെങ്കിലും അവഗണിച്ചുവെന്നാണ്. അതില്‍ വെടിവയ്പ്പുകളും ഫ്‌ലൈ ഓവറുകളും ഉള്‍പ്പെടുന്നു.
ഹോര്‍മുസ് കടലിടുക്കിന് പുറത്ത് അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം ലംഘിക്കാന്‍ എണ്ണ ടാങ്കര്‍ ശ്രമിച്ചതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞിരുന്നു. വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണില്‍ നിന്നുള്ള യുഎസ് എഫ്-18 യുദ്ധവിമാനം കപ്പലിന്റെ എഞ്ചിന്‍, സ്റ്റിയറിംഗ് സിസ്റ്റങ്ങള്‍ എന്നിവയിലേക്ക് കൃത്യതയുള്ള മിസൈല്‍ പ്രയോഗിച്ചതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു.
ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതിനാലും ഇറാനിയന്‍ തുറമുഖങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ലംഘിച്ചതിനാലും കപ്പല്‍ പ്രവര്‍ത്തനരഹിതമാക്കുക എന്നതായിരുന്നു ലക്ഷ്യമെന്ന് യുഎസ് പറഞ്ഞു.