വെടിനിർത്തൽ പേരിന് മാത്രം, കുവൈത്ത് നാഷണൽ ഗാർഡ് സൈറ്റിൽ ഇറാൻ ഡ്രോൺ ആക്രമണം, നാശനഷ്ടങ്ങളുണ്ടായതായി റിപ്പോർട്ട്
കുവൈത്തിലെ അതീവ സുരക്ഷാ കേന്ദ്രമായ നാഷണല്‍ ഗാര്‍ഡ് സൈറ്റിന് നേരെയാണ് ഡ്രോണ്‍ ആക്രമണം നടന്നത്.
സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലും ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നു. കുവൈത്തിലെ അതീവ സുരക്ഷാ കേന്ദ്രമായ നാഷണല്‍ ഗാര്‍ഡ് സൈറ്റിന് നേരെയാണ് ഡ്രോണ്‍ ആക്രമണം നടന്നത്. വ്യാഴാഴ്ച രാത്രി നടന്ന ആക്രമണത്തില്‍ താവളത്തിന് നാശനഷ്ടങ്ങള്‍ സംഭവിച്ചതായി കുവൈത്ത് നാഷണല്‍ ഗാര്‍ഡ് വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ ജദാന്‍ ഫാദല്‍ സ്ഥിരീകരിച്ചു.ആക്രമണ സമയത്ത് ഉദ്യോഗസ്ഥര്‍ സുരക്ഷിത സ്ഥാനത്തായിരുന്നതിനാല്‍ ആള്‍നാശം ഒഴിവാക്കാനായെന്നും വക്താവ് അറിയിച്ചു.
സ്ഫോടനത്തെ തുടര്‍ന്ന് അടിയന്തര സംഘങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കി. രാജ്യത്തിന്റെ പരമോന്നത സുരക്ഷാ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ നാഷണല്‍ ഗാര്‍ഡ് എല്ലാ സജ്ജതകളോടും കൂടി നിലകൊള്ളുന്നതായി ബ്രിഗേഡിയര്‍ ജനറല്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഇസ്ലാമാബാദില്‍ അമേരിക്കയും ഇറാനും തമ്മില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടക്കുന്ന ഘട്ടത്തിലാണ് ഈ ആക്രമണം സംഭവിച്ചതെന്നത് രാജ്യാന്തര നിരീക്ഷകരെ ആശങ്കപ്പെടുത്തുന്നു. ഇറാഖ്-ഇറാന്‍ അതിര്‍ത്തികള്‍ക്കോടു ചേര്‍ന്നുനില്‍ക്കുന്ന ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇപ്പോളും ഇറാന്റെ ഡ്രോണ്‍ ഭീഷണിയുടെ നടുവിലാണ്.
അതേസമയം ലെബനനെതിരായ ആക്രമണം ഇസ്രായേല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമാക്കി. വെടിനിര്‍ത്തലിന്റെ ഭാഗമായുള്ള കരാറില്‍ ലെബനന്‍ ആക്രമിക്കരുതെന്ന് വ്യവസ്ഥയുണ്ടായിട്ടും ഇസ്രായേല്‍ ആക്രമണം തുടരുന്നതിനാല്‍ ഇറാന്‍ ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കാനും സാധ്യതയേറെയാണ്.