ഇറാന് ആണവായുധം ഉണ്ടായിരുന്നെങ്കിൽ..?, ഇസ്രായേലിനെ രക്ഷിച്ചത് അമേരിക്ക, നന്ദിയുണ്ടായിരിക്കണമെന്ന് നെതന്യാഹുവിനോട് ട്രംപ്
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപ്.
അമേരിക്കയും ഇറാനും തമ്മില്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പ്രാഥമിക കരാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപ്. ദി ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് നെതന്യാഹുവിനെതിരായ അതൃപ്തി ട്രംപ് പരസ്യമാക്കിയത്. നെതന്യാഹു കൈകാര്യം ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടുള്ള വ്യക്തിയാണെന്നാണ് ട്രംപ് പറഞ്ഞത്. അതേസമയം കരാര്‍ യാഥാര്‍ഥ്യമാക്കിയതില്‍ ഇസ്രായേല്‍ അമേരിക്കയോട് നന്ദിയുള്ളവരായിരിക്കണമെന്നും ട്രംപ് പ്രതികരിച്ചു.
ഇറാന്റെ പക്കല്‍ ഒരു ആണവായുധമുണ്ടായിരുന്നെങ്കില്‍ ഇസ്രായേല്‍ എന്ന രാജ്യം 2 മണിക്കൂര്‍ പോലും ലോകത്ത് നിലനില്‍ക്കില്ല. അമേരിക്കയാണ് അവരെ കാത്തുരക്ഷിക്കുന്നത്. ട്രംപ് പറഞ്ഞു. ആഗോള എണ്ണക്കടത്തിന്റെ പ്രധാന പാതയായ ഹോര്‍മുസ് പൂര്‍ണ്ണമായും തുറക്കാനും അമേരിക്ക ഏര്‍പ്പെടുത്തിയ നാവിക ഉപരോധം പിന്‍വലിക്കാനുമാണ് നിലവില്‍ ധാരണയായത്. പ്രാഥമിക കരാറിന് പിന്നാലെ ഇറാന്റെ ആണവശേഷിയെ പറ്റിയുള്ള ചര്‍ച്ചകള്‍ക്കായി 60 ദിവസത്തെ സമയവും അനുവദിച്ചിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളില്‍ അന്തിമ ആണവകരാറിലെത്തിയില്ലെങ്കില്‍ ടെഹ്‌റാന് നേരെ ആക്രമണങ്ങള്‍ പുനരാരംഭിക്കുമെന്ന മുന്നറിയിപ്പും ട്രംപ് നല്‍കിയിട്ടുണ്ട്.
ഇറാന്റെ ആണവശേഷി പൂര്‍ണ്ണമായി നശിപ്പിക്കുക. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ശേഖരം നശിപ്പിക്കുക, ഇറാന്‍ ഭീകര സംഘടനകള്‍ക്ക് നല്‍കുന്ന പിന്തുണ അവസാനിപ്പിക്കുക ഈ ലക്ഷ്യങ്ങളുമായാണ് യുഎസും ഇസ്രായേലും ഇറാന് നേരെ ആക്രമണം നടത്തിയത്. എന്നാല്‍ ഈ ആവശ്യങ്ങളൊന്നും കരാറില്‍ നടപ്പായിട്ടില്ല. ലെബനനും ഹിസ്ബുള്ളയ്ക്കും നേരെ ആക്രമണം പാടില്ലെന്ന നിര്‍ദേശവും കരാറില്‍ വന്നതോടെ ഇസ്രായേല്‍ നിരാശരാണ്. സമാധാന ചര്‍ച്ചകളിലൊന്നും ഇസ്രായേല്‍ ഭാഗമായിരുന്നില്ല. അതിനാല്‍ തന്നെ കരാറിലെത്തിയെന്ന് ഇറാനും അമേരിക്കയും അവകാശപ്പെടുമ്പോഴും ആശങ്കപ്പെടാന്‍ വകുപ്പുണ്ട്. നിലവില്‍ കരാറിനെ പറ്റി പ്രതികരിക്കാനൊന്നും ഇസ്രായേല്‍ തയ്യാറായിട്ടില്ല.ALSO READ: സൈനിക നടപടികള്‍ക്ക് ശാശ്വതമായ വിരാമം; യുഎസ്-ഇറാന്‍ സമാധാന കരാര്‍ പ്രഖ്യാപിച്ചു