ഇറാനെ ആക്രമിച്ചത് തെറ്റെന്ന് 61 ശതമാനം അമേരിക്കക്കാര്‍; ട്രംപിന് തിരിച്ചടി
ഇറാനെ ആക്രമിച്ചത് തെറ്റെന്ന് 61 ശതമാനം അമേരിക്കക്കാര്‍. അമേരിക്കയിലെ ജനവികാരം ട്രംപിനെതിരെന്ന സര്‍വ്വേ ഫലമാണ് പുറത്ത് വന്നിരിക്കുന്നത്. വാഷിംഗ്ടണ്‍ പോസ്റ്റ് -എബിസി സംയുക്തമായി നടത്തിയ സര്‍വേയിലാണ് ഇറാനെതിരെയുള്ള ജനവികാരം വ്യക്തമായത്. 61 ശതമാനം പേരും ഇറാന്‍ യുദ്ധം തെറ്റായി പോയെന്ന് അഭിപ്രായപ്പെട്ടു. 35% ആളുകള്‍ ട്രംപിന്റെ സൈനിക നടപടിയെ പിന്തുണച്ചു.
നേരത്തെ റോയറ്റേഴ്‌സ് നടത്തിയ സര്‍വ്വേയിലും ജനവികാരം ട്രംപിനെതിരായിരുന്നു. യുദ്ധം സമ്പദ് വ്യവസ്ഥയെ ബാധിച്ചു എന്നും അമേരിക്കയിലെ ജീവിത ചെലവ് വര്‍ദ്ധിപ്പിച്ചുവെന്നും സര്‍വ്വേയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. അതേസമയം മാനസികവിഭ്രാന്തിയുള്ളവര്‍ ആണവായുധം ഉണ്ടാക്കാതിരിക്കാനാണ് യുദ്ധം ചെയ്യുന്നതെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ കഴിഞ്ഞദിവസം മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ട്രംപ് തള്ളിയിരുന്നു. നിര്‍ദ്ദേശങ്ങളില്‍ തനിക്ക് തൃപ്തിയില്ലെന്നും ട്രംപ് വ്യക്തമാക്കി. പാക്കിസ്ഥാന്‍ മുഖാന്തരമാണ് ഇറാന്‍ അമേരിക്കയ്ക്ക് നിര്‍ദേശം കൈമാറിയത്.
അതേസമയം ഇറാന്‍ ആണവ വിഷയത്തില്‍ ഭേദഗതി നിര്‍ദ്ദേശവുമായി അമേരിക്ക രംഗത്തെത്തി. അമേരിക്കയും ഇറാനും പരസ്പരം നിര്‍ദ്ദേശങ്ങള്‍ കൈമാറിയിട്ടുണ്ട്. യുദ്ധം അവസാനിപ്പിച്ച് ശാശ്വത സമാധാനമാണ് ലക്ഷ്യമെന്നാണ് ഇറാന്‍ പറയുന്നത്. നേരത്തേ ഇറാന്റെ ഉപാധികള്‍ അമേരിക്ക തള്ളിക്കളഞ്ഞിരുന്നു. ചര്‍ച്ചകള്‍ നിലനിര്‍ത്താന്‍ അമേരിക്ക ചില ഭേദഗതികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.