ബ്രേക്ക്ഫാസ്റ്റായി ചോറ് കഴിക്കുന്നവരാണോ?
കാർബോ ഹൈഡ്രേറ്റ് ധാരാളം അടങ്ങിയതിനാൽ ചോറ് ശരീരത്തിനു ഊർജ്ജം നൽകുന്നു
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഭക്ഷണമാണ് ചോറ്. പ്രഭാത ഭക്ഷണമായി പോലും ചോറ് കഴിക്കുന്നവർ നമുക്കിടയിൽ ഉണ്ട്. യഥാർഥത്തിൽ മൂന്ന് നേരവും ചോറ് കഴിക്കുന്നത് ആരോഗ്യത്തിനു അത്ര ഗുണം ചെയ്യില്ല. ചോറ് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
കാർബോ ഹൈഡ്രേറ്റ് ധാരാളം അടങ്ങിയതിനാൽ ചോറ് ശരീരത്തിനു ഊർജ്ജം നൽകുന്നു. അതിവേഗം ദഹിക്കുന്ന ഭക്ഷണം കൂടിയാണ് ചോറ്. ഊർജ്ജം നഷ്ടപ്പെടുന്ന ഭാരമേറിയ ജോലികളിൽ ഏർപ്പെടുന്നവർ രാവിലെ ചോറ് കഴിക്കുന്നതിൽ പ്രശ്നമില്ല. എന്നാൽ ശരീരം ഊർജ്ജം നഷ്ടപ്പെടുന്ന ജോലിയിൽ ഏർപ്പെടുന്നില്ലെങ്കിൽ രാവിലെ ചോറ് കഴിക്കുമ്പോൾ ഗ്ലൂക്കോസ് നില അമിതമായി ഉയരും. ഇത് പ്രമേഹത്തിനു കാരണമാകുന്നു. അതുകൊണ്ടാണ് അമിതമായി ചോറ് കഴിക്കരുതെന്ന് പറയുന്നത്.
പ്രമേഹമുള്ളവർ ഒരു കാരണവശാലും രാവിലെ ചോറ് കഴിക്കരുത്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും രാവിലെ ചോറ് ഒഴിവാക്കണം. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളും പച്ചക്കറികളുമാണ് പ്രഭാതഭക്ഷണമായി കഴിക്കേണ്ടത്.