'ആനമണ്ടത്തരം'; അർജന്റീനയ്ക്കു മുന്നിൽ ചാവാൻ നിന്നുകൊടുത്ത ഇംഗ്ലണ്ട് പ്രതിരോധം
മത്സരത്തിന്റെ 55-ാം മിനിറ്റിലാണ് ഇംഗ്ലണ്ട് ലീഡെടുക്കുന്നത്
Argentina
ഒരു ഗോൾ ലീഡ് പിടിച്ച ശേഷം അർജന്റീനയ്ക്ക് മുന്നിൽ അടിയറവ് പറയുകയാണ് ഇംഗ്ലണ്ട് ചെയ്തത്. ഏത് വമ്പൻ ടീമിനോടും അവസാന വിസിൽ വരെ പോരടിച്ചുനിൽക്കാൻ കരുത്തുള്ള അർജന്റീനയ്‌ക്കെതിരെ പ്രതിരോധക്കോട്ട കെട്ടിയുള്ള ഇംഗ്ലണ്ട് തന്ത്രം പിഴച്ചു.
മത്സരത്തിന്റെ 55-ാം മിനിറ്റിലാണ് ഇംഗ്ലണ്ട് ലീഡെടുക്കുന്നത്. അതിനുശേഷം പൂർണമായി പ്രതിരോധത്തിലേക്ക് ഇംഗ്ലണ്ട് വലിഞ്ഞു. ഇവിടെ മുതൽ അർജന്റീന കളി വരുതിയിലാക്കുന്ന കാഴ്ചയാണ് കണ്ടത്. അവസാന മിനിറ്റുകളിൽ ഗോളടിക്കാനുള്ള അർജന്റീനയുടെ അസാധ്യ മികവിനെ ഇംഗ്ലണ്ട് അണ്ടർഎസ്റ്റിമേറ്റ് ചെയ്യുകയായിരുന്നു.
ഹാരി കെയ്ൻ അടക്കമുള്ള താരങ്ങളെ പ്രതിരോധത്തിലേക്ക് വലിക്കുകയാണ് പരിശീലകൻ ടുച്ചൽ ചെയ്തത്. അതോടെ കളി പൂർണമായി ഇംഗ്ലണ്ടിന്റെ പോസ്റ്റിലായി. മെസി റൈറ്റ് വിങ്ങിലേക്ക് മാറി കൃത്യമായി ക്രോസുകൾ പോസ്റ്റിലേക്ക് എത്തിച്ച് തുടങ്ങിയപ്പോഴും ഇംഗ്ലണ്ട് അപകടം തിരിച്ചറിഞ്ഞില്ല. ഒടുവിൽ ഒരു ഗോളിന്റെ ലീഡിന് രണ്ട് ഗോൾ അടിച്ച് അർജന്റീനയുടെ മറുപടിയെത്തി.
കേപ് വെർദെയ്‌ക്കെതിരെ 2-2 എന്ന നിലയിൽ നിന്ന ശേഷം അധിക സമയത്ത് നേടിയ മൂന്നാം ഗോൾ, ഈജിപ്തിനെതിരെ രണ്ട് ഗോളിനു പിന്നിൽ നിന്ന ശേഷം മൂന്നെണ്ണം അടിച്ച് തിരിച്ചുവന്നത്, സ്വിറ്റ്‌സർലൻഡിനെതിരെ പ്രതിരോധത്തിലായ ശേഷമുള്ള അവസാന മിനിറ്റുകളിലെ തിരിച്ചുവരവ്...ഇതെല്ലാം അർജന്റീനയുടെ ലാസ്റ്റ് മിനിറ്റ് ഗോൾവേട്ടയ്ക്കു ഉദാഹരണങ്ങളാണ്. എന്നിട്ടും അതിൽ നിന്ന് പാഠം ഉൾക്കൊള്ളാതെ ഇംഗ്ലണ്ടിനെ ഒരു ഗോളിന് ശേഷം പരിശീലകൻ സമ്പൂർണ പ്രതിരോധത്തിലേക്ക് കൊണ്ടുവന്നത് ദുരന്തം ചോദിച്ചുവാങ്ങുന്നതിനു തുല്യമായി.
85-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസിലൂടെയും 92-ാം മിനിറ്റിൽ ലൗത്താറോ മാർട്ടിനെസിലൂടെയുമാണ് അർജന്റീനയുടെ ഗോളുകൾ. രണ്ട് ഗോളുകളും മെസിയുടെ അസിസ്റ്റിലൂടെയാണ്.