I'M Game Review: മികച്ച ആദ്യ പകുതി, ഫ്‌ളാറ്റായി പോയ രണ്ടാം പകുതി; ദുൽഖർ ഷോയിൽ 'ഐ ആം ഗെയിം'
I'M Game Review: മലയാളത്തിന് പുറത്തും പ്രേക്ഷകരെ അതിശയിപ്പിക്കാവുന്ന ആദ്യ പകുതിയും ശരാശരിയിലൊതുങ്ങിയ രണ്ടാം പകുതിയും...! ദുൽഖർ സൽമാന്റെ എനർജറ്റിക് ഷോയിൽ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത 'ഐ ആം ഗെയിം' പിടിച്ചുനിൽക്കുന്നുണ്ട്. ഫാന്റസി ആക്ഷൻ ത്രില്ലർ ഴോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ദുൽഖറിന്റെ പ്രകടനം തന്നെയാണ് എടുത്തുപറയേണ്ടത്.
ആദ്യ പകുതി
ധനാഢ്യനായ ഡാൻ ജോൺ എന്ന യുവാവിന്റെ കഥയാണ് 'ഐ ആം ഗെയിം'. ചൂതാട്ടത്തിൽ അമിത ആസക്തിയുള്ള ഡാനിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന ട്രാജഡിയും തുടർന്ന് ജീവിതത്തിലേക്കുള്ള അയാളുടെ തിരിച്ചുവരവും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രമേയം. ഗംഭീരമായ ആദ്യപകുതി പ്രേക്ഷകരെ സിനിമയ്‌ക്കൊപ്പം എൻഗേജ് ചെയ്യിപ്പിക്കുന്നുണ്ട്. അപ്രവചനീയമായ ഒരു പ്ലോട്ടാണ് ആദ്യ പകുതിയിൽ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കപ്പെടുന്നത്. ഫാന്റസി എലമെന്റുകൾ അതിനാടകീയമാകാതെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ ദുൽഖർ സൽമാന് സാധിക്കുന്നുണ്ട്. രണ്ടാം പകുതിയിൽ എന്തൊക്കെ സംഭവിക്കുമെന്ന ഉദ്വേഗത്തിലേക്ക് പ്രേക്ഷകരെ പിടിച്ചിരുത്തിയാണ് ആദ്യ പകുതി അവസാനിക്കുന്നത്.
രണ്ടാം പകുതി
ആദ്യ പകുതിയിൽ നിന്ന് വ്യത്യസ്തമായി രണ്ടാം പകുതിയിൽ ഏറെക്കുറെ എല്ലാം പ്രവചനീയമാകുന്നുണ്ട്. വൈകാരികമായി പ്രേക്ഷകരെ കഥയിലേക്ക് കണക്ട് ചെയ്യിപ്പിക്കാൻ ആന്റണി വർഗീസിന്റെ (പെപ്പെ) ഫ്‌ളാഷ്ബാക്ക് സീനുകൾ ഏറെ പ്രാധാന്യത്തോടെ കാണിക്കുന്നുണ്ട്. എന്നാൽ അത് സിനിമയുടെ താളംതെറ്റിക്കുന്നു. ആദ്യ പകുതിയിൽ കണ്ട വേഗത കഥയ്ക്ക് രണ്ടാം പകുതിയിൽ നഷ്ടമാകുന്നു. പ്രേക്ഷകരെ ഇമോഷണലി സിനിമയിലേക്ക് അടുപ്പിക്കാനും സാധിക്കാതെ പോകുന്നു. തൃപ്തികരവും പ്രവചനീയവുമായ ക്ലൈമാക്‌സിലൂടെയാണ് സിനിമ അവസാനിക്കുന്നത്.
പ്രകടനം
ദുൽഖർ സൽമാന്റെ അഭിനയം സിനിമയുടെ നട്ടെല്ലാണ്. ദുൽഖർ സ്‌ക്രീനിൽ ഉള്ളപ്പോഴെല്ലാം വളരെ എനർജറ്റിക്കായ പെർഫോമൻസ് പ്രേക്ഷകർ കാണുന്നുണ്ട്. നായികയായി എത്തിയ കയാദു ലോഹറിന്റെ ഡബ്ബിങ് സിനിമയുടെ ആസ്വാദനത്തിൽ കല്ലുകടിയാകുന്നു. പെപ്പെയുടെ കഥാപാത്രത്തിനും വേണ്ടത്ര ഇംപാക്ട് ഉണ്ടാക്കാൻ സാധിച്ചിട്ടില്ല.
അണിയറയിൽ
കഥയും സംവിധാനവും നഹാസ് ഹിദായത്തിന്റേതാണ്. മികച്ചൊരു പ്ലോട്ട് സെറ്റ് ചെയ്യുന്നതിൽ നഹാസ് വിജയിച്ചെങ്കിലും സിനിമയിലുടനീളം ആ പ്ലോട്ടിനനുസരിച്ച് ഉദ്വേഗം നിലനിർത്താൻ സാധിക്കാതെ പോയി. സാങ്കേതികമായി വളരെ മികച്ചുനിൽക്കുന്ന ഫ്രെയിമുകളാണ് സിനിമയിലേത്. ജിംഷി ഖാലിദിന്റെയും ജോമോൻ ടി ജോണിന്റെയും ഛായാഗ്രഹണവും ജേക്‌സ് ബിജോയിയുടെ സംഗീതവും മികച്ചുനിന്നു. എഡിറ്റർ ചമൻ ചാക്കോയും കയ്യടി അർഹിക്കുന്നു.
ലാസ്റ്റ് വേർഡിക്ട്
രണ്ടാം പകുതിയിൽ കുറച്ചുകൂടി ശ്രദ്ധ ചെലുത്തിയിരുന്നെങ്കിൽ 'ലക്കി ഭാസ്‌കർ' പോലെ ഇന്ത്യയിൽ മുഴുവൻ ആഘോഷിക്കാൻ പാകത്തിനൊരു സൂപ്പർഹിറ്റ് ചിത്രമാകുമായിരുന്നു 'ഐ ആം ഗെയിം'. തിയറ്റർ വാച്ച് ഡിമാൻഡ് ചെയ്യുന്ന ടെക്‌നിക്കലി മികച്ചുനിൽക്കുന്ന ചിത്രമെന്നും ഐ ആം ഗെയിമിനെ വിശേഷിപ്പിക്കാം.
റേറ്റിങ്
ശരാശരിക്ക് തൊട്ടുമുകളിൽ (അഞ്ചിൽ രണ്ടരയ്ക്കും മൂന്നിനും ഇടയിൽ റേറ്റ് ചെയ്യുന്നു) Also Read: 'പ്രിയ സഹോദരാ, വീട്ടിലേക്കുള്ള തിരിച്ചുവരവിൽ ആശംസകൾ'; ദുൽഖറും നിവിനും പിണക്കം മറന്നു !