'കല്യാണശേഷമാണ് അറിഞ്ഞത് അയാൾക്ക് വേറൊരു കുടുംബമുള്ള കാര്യം'; ഷീലയുടെ തുറന്നുപറച്ചിൽ
Sheela and ravichandran
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഷീല. നായികയായും അമ്മ വേഷങ്ങളിലും താരം തിളങ്ങിയിട്ടുണ്ട്. സിനിമയിൽ ഏറെ നേട്ടങ്ങൾ കൊയ്തെങ്കിലും ഷീലയുടെ കുടുംബജീവിതം അത്ര വിജയകരമായിരുന്നില്ല. ഇതേ കുറിച്ച് താരം തന്നെ പല വേദികളിലും വെളിപ്പെടുത്തിയിട്ടുണ്ട്.
തമിഴ് സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട രവിചന്ദ്രൻ ഷീലയുടെ ജീവിതപങ്കാളിയായിരുന്നു. എന്നാൽ ഈ ബന്ധത്തിനു അധികം ആയുസുണ്ടായിരുന്നില്ല. ഭർത്താവിന് വേറെ കുടുംബമുണ്ടെന്ന് അറിഞ്ഞപ്പോൾ ആ ബന്ധം ഉപേക്ഷിക്കുകയായിരുന്നെന്ന് പണ്ട് മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ ഷീല പറഞ്ഞിട്ടുണ്ട്.
രവിചന്ദ്രന്റെ അഭിനയജീവിതം തകർത്തത് മദ്യപാനമാണ്. തമിഴിൽ അവസരം കുറഞ്ഞപ്പോൾ ആണ് അദ്ദേഹം മലയാളത്തിൽ അഭിനയിക്കാൻ വന്നത്. അദ്ദേഹം ഭാര്യയുമായി പിണങ്ങി വിവാഹമോചനം നേടി. ആ ബന്ധത്തിൽ മൂന്ന് മക്കളുണ്ടായിരുന്നു. ജെ.ഡി.തോട്ടാൻ സംവിധാനം ചെയ്ത 'ഓമന' എന്ന സിനിമയിൽ തങ്ങൾ ഒന്നിച്ച് അഭിനയിച്ചെന്നും അങ്ങനെയാണ് വിവാഹത്തിലേക്ക് എത്തിയതെന്നും ഷീല പറയുന്നു.
എന്റെ അനിയത്തിമാരുടെ കല്യാണം കഴിഞ്ഞെന്നും അമ്മ കിടപ്പിലാണെന്നും അന്ന് സംസാരിക്കുന്നതിനിടെ ഞാൻ രവിചന്ദ്രനോട് പറഞ്ഞു. ജെ.ഡി. തോട്ടാനും രവിചന്ദ്രനും അടുത്ത കൂട്ടുകാരായിരുന്നു. തോട്ടാൻ ചോദിച്ചു, 'നിങ്ങളുടെ ഭാര്യ പോയി, ഷീലാമ്മയും തനിച്ചാണ്, നിങ്ങൾക്കു കല്യാണം കഴിച്ചുകൂടെ?' പിന്നെ സേതുമാധവനും എം.ഒ.ജോസഫും നിർബന്ധിച്ചു. അങ്ങനെയാണ് ആ കല്യാണം കഴിഞ്ഞത്.
എന്റെ മകൻ ജനിച്ചതു മുതൽ രവിചന്ദ്രൻ ഒപ്പം താമസിച്ചിരുന്നില്ല. മറ്റൊരു വീടുണ്ട്. അങ്ങോട്ടു പോകും. ഞാൻ അവിടെച്ചെന്നു താമസിക്കാൻ സമ്മതിക്കുകയുമില്ല. ഇവിടെ താമസിക്കാം എന്നു പറയും. പക്ഷേ, ഇവിടെ വന്നു രണ്ടു ദിവസം കഴിഞ്ഞ് അങ്ങോട്ടു പോകും. അദ്ദേഹത്തിന്റെ അമ്മയും സഹോദരിയും ടി നഗറിൽ ഉണ്ടായിരുന്നു. രവിചന്ദ്രനു മറ്റൊരു കുടുംബം കൂടിയുണ്ടെന്ന് പിന്നീടാണു ഞാൻ അറിഞ്ഞത്. അപ്പോൾ ഞാൻ പറഞ്ഞു, ഇനി ഞാൻ നിങ്ങളുടെ കൂടെ ജീവിക്കില്ല. രണ്ടരക്കൊല്ലത്തിനുശേഷം ഞങ്ങൾ പിരിഞ്ഞു. ഞാനെത്രയോ പേരുടെ കല്യാണം നടത്തി. പക്ഷേ, തന്റെ വിവാഹജീവിതം മാത്രം ശരിയായില്ലെന്നും ഈ അഭിമുഖത്തിൽ ഷീല പറഞ്ഞിരുന്നു. Also Read: സംസ്ഥാനത്ത് തിങ്കളാഴ്ച പൊതു അവധി, ലഭിക്കുക 5 ദിവസത്തെ തുടർച്ചയായുള്ള ലീവ്
