അപ്പൻ മരിച്ച സമയത്ത് പത്രത്തിൽ വാർത്ത കൊടുക്കാൻ പോലും കാശുണ്ടായിരുന്നില്ല; കുഞ്ചാക്കോ ബോബൻ
സൗഹൃദത്തിനു വലിയ വില കൊടുക്കുന്ന വ്യക്തിയായിരുന്നു പിതാവ് ബോബൻ കുഞ്ചാക്കോ
Kunchako Boban
സിനിമയിൽ സജീവമല്ലാതിരുന്ന കാലത്ത് താൻ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിട്ടുണ്ടെന്ന് നടൻ കുഞ്ചാക്കോ ബോബൻ പല സന്ദർഭങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്. തന്റെ അപ്പന്റെ മരണവാർത്ത പത്രത്തിൽ നൽകാനും പോലും പണമില്ലാതെ കഷ്ടപ്പെട്ടിട്ടുണ്ടെന്ന് പഴയൊരു അഭിമുഖത്തിൽ ചാക്കോച്ചൻ പറഞ്ഞിരുന്നു.
സൗഹൃദത്തിനു വലിയ വില കൊടുക്കുന്ന വ്യക്തിയായിരുന്നു പിതാവ് ബോബൻ കുഞ്ചാക്കോ. സിനിമ നിർമാതാവായ അദ്ദേഹം സിനിമയൊന്നും ഇല്ലാതിരുന്ന സമയത്ത് ചില ബിസിനസ് പരിപാടികൾ നടത്തിയിരുന്നു. സുഹൃത്തിന് പണം കടം കൊടുക്കാൻ വേണ്ടി അമ്മയുടെ സ്വർണം പണയം വെച്ചിട്ടുണ്ട്. അന്ന് സ്വർണമൊക്കെ നഷ്ടമായി. അപ്പോഴും അപ്പൻ സുഹൃത്തിനെ ബുദ്ധിമുട്ടിച്ചില്ല. മാനുഷികമായി അതൊരു പ്ലസ് പോയിന്റാണ്. അപ്പനിൽ നിന്ന് അങ്ങനെയൊരു സ്വഭാവം തനിക്കും കിട്ടിയിട്ടുണ്ടെന്നും ചാക്കോച്ചൻ പറയുന്നു.
അപ്പൻ മരിച്ച സമയത്ത് താൻ സിനിമയിൽ സജീവമായിരുന്നില്ല. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്നു. അപ്പന്റെ മരണവാർത്ത പത്രത്തിൽ കൊടുക്കാൻ പോലും പണമില്ല. മലയാളത്തിലെ ഒരു പ്രമുഖ നടനോട് അന്ന് പണം കടം ചോദിച്ചു. പുള്ളി തന്നില്ല. ചെറിയൊരു തുകയായിരുന്നു അത്. അദ്ദേഹം തന്നില്ല. പിന്നീട് വർഷങ്ങൾ കഴിഞ്ഞു. ഞാൻ റിയൽ എസ്റ്റേറ്റിൽ സജീവമായ കാലമായിരുന്നു. അതേ നടൻ തന്നെ പിന്നീട് എന്റെ അടുത്തുവന്ന് പണം കടം ചോദിച്ചു. വലിയ തുകയായിരുന്നു. ഞാൻ അത് കൊടുത്തു. അങ്ങനെയാണ് പലരോടും താൻ റിവഞ്ച് ചെയ്തിരുന്നതെന്നും ചാക്കോച്ചൻ പറയുന്നു.