നിഹാരിക കെ എസ്|
Last Modified ചൊവ്വ, 19 നവംബര് 2024 (13:13 IST)
മായാനദി എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ഐശ്വര്യ ലക്ഷ്മി. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഐശ്വര്യ നിരവധി സിനിമകളിൽ അഭിനയിച്ചു. മണിരത്നം-കമൽ ഹാസൻ കൂട്ട്കെട്ടിൽ ഒരുങ്ങുന്ന തഗ് ലൈഫ് ആണ് ഐശ്വര്യ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന പടം. ഹലോ മമ്മിയാണ് ഐശ്വര്യയുടെ റിലീസ് ആകാനുള്ള പുതിയ സിനിമ.
ഹലോ മമ്മിയുടെ പ്രെമോഷനിടെ തൻ്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. വിവാഹം കഴിക്കാൻ തനിക്ക് താൽപര്യമില്ലെന്നാണ് താരം പറയുന്നത്. ആലോചിച്ചെടുത്ത തീരുമാനമാണ് ഇതെന്നും ഐശ്വര്യ പറയുന്നു. അതേസമയം വീട്ടുകാരുടെ സമ്മർദ്ദം കാരണം ഒരു ഘട്ടത്തിൽ വിവാഹത്തെക്കുറിച്ച് താൻ ആലോചിച്ചിരുന്നെന്നും താരം പറയുന്നു.
ഐശ്വര്യ ലക്ഷ്മി പറയുന്നതിങ്ങനെ…..
എനിക്ക് വിവാഹം ചെയ്യേണ്ടെന്ന് ഞാനെപ്പോഴും പറഞ്ഞിട്ടുണ്ട്. ഞാൻ ആ ഇൻസിസ്റ്റിറ്റ്യൂഷനിൽ വിശ്വസിക്കുന്നില്ല. വെറുതെ പറഞ്ഞതല്ല. ഞാൻ ആലോചിച്ച് എടുത്ത തീരുമാനമാണ്. എട്ടാമത്തെ വയസിലും പത്താമത്തെ വയസിലും 25 വയസിലും എന്നോട് ചോദിച്ചാൽ വിവാഹം എന്റെ സ്വപ്നമായിരുന്നു. ഗുരുവായൂർ അമ്പലത്തിൽ താലി കെട്ടണം, തുളസി മാല വേണം എന്നൊക്കെയുള്ള പ്ലാനുണ്ടായിരുന്നു. അമ്മ ഗുരുവായൂരപ്പന്റെ ഭക്തയാണ്. എപ്പോഴും ഞങ്ങൾ ഗുരുവായൂരിൽ പോകുമായിരുന്നു. എപ്പോഴും അവിടെ പോകുന്നത് കൊണ്ട് കുട്ടിക്കാലത്ത് എനിക്ക് മടുപ്പ് തോന്നി. വിനോങ്ങളില്ല.
അവിടെ കണ്ട കല്യാണങ്ങളിൽ നിന്നാണ് എനിക്കീ സ്വപ്നങ്ങൾ വന്നത്. പിന്നീട് വളർന്നപ്പോൾ ചുറ്റുമുള്ള വിവാഹ ബന്ധങ്ങൾ കണ്ടു. ആളുകൾ സന്തോഷത്തിൽ അല്ല. 34 വയസായി. ഈ വർഷത്തിനിടയിൽ എനിക്കറിയാവുന്ന സന്തോഷത്തോടെ ജീവിക്കുന്ന ഒരു കുടുംബമേയുള്ളൂ. അവർ മലയാളികൾ അല്ല. ബാക്കി എല്ലാവരിലും കോംപ്രമൈസുകളാണ് കണ്ടത്. പേഴ്സണൽ സ്പേസിൽ അവർ വളരുന്നില്ല. എനിക്ക് ബോധവും ബുദ്ധിയും വന്നപ്പോൾ ഇതല്ല എനിക്ക് വേണ്ടതെന്ന് മനസിലാക്കി
മുപ്പത് വയസിന് ശേഷം രണ്ട് വർഷത്തോളം വിവാഹം വേണമെന്ന് ഞാൻ ആ ഗ്രഹിച്ചിരുന്നു. ഒരു പങ്കാളിയെ കണ്ടെത്തി വിവാഹം ചെയ്ത് കുട്ടികൾ വേണമെന്ന് കരുതി. പക്ഷെ അതായിരുന്നില്ല എനിക്ക് വേണ്ടത്. ഇങ്ങനെ ചിന്തിക്കാൻ കാരണം അതായിരുന്നു എപ്പോഴുമുള്ള സംസാരം. ഇടയ്ക്ക് സ്വന്തം പണമിട്ട് മാട്രിമോണിയിൽ അക്കൗണ്ട് എടുത്തോ എന്ന് അമ്മയോട് പറഞ്ഞിട്ടുണ്ട്. മാട്രിമോണിയലിൽ ഞാനുണ്ടായിരുന്നു. ദൈവത്തിന് നന്ദി, ആളുകൾ ഫേക്ക് പ്രൊഫൈലാണെന്ന് കരുതിയെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു.