പട്ടിണിയാണെങ്കിലും ആർഭാടം കുറയ്ക്കില്ല, ബ്രസീലിനെയും ഉറുഗ്വയേയും കൊണ്ടുവന്ന കാശ് കൊടുക്കാതെ എഐഎഫ്എഫ്
ബ്രസീലിന് 19 കോടിയോളം രൂപയും ഉറുഗ്വയ്ക്ക് 4.7 കോടി രൂപയുമാണ് നല്‍കാനുള്ളത്.
മുന്‍ ലോകചാമ്പ്യന്മാരായ ബ്രസീലിനെയും ഉറുഗ്വയേയും സൗഹൃദമത്സരങ്ങള്‍ക്ക് കൊണ്ടുവന്നതോടെ കടക്കെണിയിലായി അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്. കടം വീട്ടാനായി ഫെഡറേഷന്റെ സ്ഥിരനിക്ഷേപം പിന്‍വലിക്കാനുള്ള എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബയുടെ നീക്കത്തെ അംഗങ്ങള്‍ എതിര്‍ത്തതോടെ വലിയ നാണക്കേടിലാണ് ഇന്ത്യന്‍ ഫുട്ബോള്‍.
ബ്രസീലിന് 19 കോടിയോളം രൂപയും ഉറുഗ്വയ്ക്ക് 4.7 കോടി രൂപയുമാണ് നല്‍കാനുള്ളത്. ഈ പണം നല്‍കാനായി കാലാവധിക്ക് മുന്‍പ് ബാങ്കിലുള്ള സ്ഥിരനിക്ഷേപമായ 20 കോടി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബ അംഗങ്ങളോട് അഭ്യര്‍ഥിച്ചെങ്കിലും ഈ നിര്‍ദേശം ജനറല്‍ ബോഡിയും ഫെഡറേഷന് എക്സിക്യൂട്ടീവും അംഗീകരിച്ചില്ല.
സ്ഥിരനിക്ഷേപം അത്യാവശ്യഘട്ടങ്ങളില്‍ മാത്രമെ പിന്‍വലിക്കു എന്ന മുന്‍തീരുമാനം അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് വഴി ടിക്കറ്റ് ഇനത്തില്‍ മാത്രം 30 മുതല്‍ 40 കോടി വരെ വരുമാനമുണ്ടാക്കാമെന്നായിരുന്നു എഐഎഫ്എഫിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ടിക്കറ്റ് വില 5,000 രൂപയ്ക്ക് മുകളിലായി നിശ്ചയിച്ചതും ആരാധകരുടെ പങ്കാളിത്തം കുറഞ്ഞതുമെല്ലാം വലിയ തിരിച്ചടിയായി. ഇതോടെയാണ് പ്രമുഖ ടീമുകള്‍ക്ക് നല്‍കേണ്ട പണത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം രൂപപ്പെട്ടിരിക്കുന്നത്.
