അഭിറാം മനോഹർ|
Last Modified തിങ്കള്‍, 2 ഫെബ്രുവരി 2026 (16:52 IST)
ടി20 ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, മലയാളി താരം സഞ്ജു സാംസണ് ടീം ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്താന്‍ അവസരമൊരുങ്ങുന്നു. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ നിരാശപ്പെടുത്തിയ താരത്തിന് ഫോം വീണ്ടെടുക്കാനുള്ള അവസാന അവസരമാണ് ദക്ഷിണാഫ്രിക്കക്കെതിരായ സന്നാഹമത്സരത്തിലൂടെ ഒരുങ്ങുന്നത്. ടി20 ലോകകപ്പിന് മുന്‍പായി ബുധനാഴ്ച മുംബൈയില്‍ വെച്ചാണ് ദക്ഷിണാഫ്രിക്കയുമായുള്ള ഇന്ത്യയുടെ സന്നാഹമത്സരം.
സന്നാഹ മത്സരങ്ങള്‍ക്കായുള്ള ഐസിസിയുടെ പ്രത്യേക നിയമങ്ങളാണ് സഞ്ജുവിന് ഇത്തവണ തുണയാവുക.
സാധാരണ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി, സന്നാഹ മത്സരങ്ങള്‍ക്ക് ഐസിസി പദവിയില്ല. അതിനാല്‍ തന്നെ ടീമുകള്‍ക്ക് ടോസ് സമയത്ത് 11 അംഗ ടീമിനെ പ്രഖ്യാപിക്കേണ്ടതില്ല. ടീമിലെ 15 താരങ്ങള്‍ക്കും എപ്പോള്‍ വേണമെങ്കിലും ബൗളിങ്ങോ ബാറ്റിങ്ങോ ചെയ്യാം. മത്സരത്തിലെ പ്രകടനങ്ങള്‍ ഔദ്യോഗിക റെക്കോര്‍ഡായി കണക്കാക്കപ്പെടുകയുമില്ല.
നിലവില്‍ ഇഷാന്‍ കിഷനും അഭിഷേക് ശര്‍മയും സൂര്യകുമാര്‍ യാദവുമടക്കം പ്രധാന ബാറ്റര്‍മാരെല്ലാം ഫോമിലായതിനാല്‍ തന്നെ സഞ്ജുവിന് തിരികെ ഫോമിലേക്കെത്താനായി ടീം ഓപ്പണറായി തന്നെ കളത്തിലിറക്കിയേക്കും. തിലക് വര്‍മ കൂടി ടീമില്‍ തിരിച്ചെത്തുന്ന സാഹചര്യത്തില്‍ ടോപ് ഓര്‍ഡറില്‍ ഒരു വലം കയ്യന്‍ താരം വേണമെന്നതും സഞ്ജുവിനെ ടീം മാനേജ്‌മെന്റ് പിന്തുണയ്ക്കുന്നതിന് പിന്നിലുണ്ട്. ഈ സാഹചര്യത്തില്‍ സഞ്ജു ഫോം വീണ്ടെടുക്കേണ്ടത് ഇന്ത്യന്‍ ടീമിനും പ്രധാനമാണ്. ഈ മത്സരത്തിലും തിളങ്ങാനായില്ലെങ്കില്‍ ഇഷാന്‍ കിഷന്‍ തന്നെയാകും ലോകകപ്പിലെ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പര്‍.