Shreyas Iyer: 'ഇതില്‍ കൂടുതല്‍ എന്താണ് അവന്‍ കളിച്ചുകാണിക്കേണ്ടത്?' ശ്രേയസിനായി മുറവിളി കൂട്ടി ആരാധകര്‍
വിരാട് കോലി ട്വന്റി 20 അവസാനിപ്പിച്ചതോടെ പകരക്കാരനായി ടീമില്‍ സ്ഥാനം ഉറപ്പിക്കുമെന്ന് പ്രതീക്ഷിച്ച താരമാണ് ശ്രേയസ്
Shreyas Iyer: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ശ്രേയസ് അയ്യരെ ഉള്‍പ്പെടുത്താത്തതില്‍ അമര്‍ഷം പുകയുന്നു. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനം നടത്തിയിട്ടും ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ ശ്രേയസിനെ ഉള്‍പ്പെടുത്താത്തത് എന്തുകൊണ്ടെന്ന് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ചോദിക്കുന്നത്.
വിരാട് കോലി ട്വന്റി 20 അവസാനിപ്പിച്ചതോടെ പകരക്കാരനായി ടീമില്‍ സ്ഥാനം ഉറപ്പിക്കുമെന്ന് പ്രതീക്ഷിച്ച താരമാണ് ശ്രേയസ്. എന്നാല്‍ തുടര്‍ച്ചയായി താരം തഴയപ്പെടുകയാണ്. ആഭ്യന്തര ക്രിക്കറ്റില്‍ ഗംഭീര പ്രകടനം കാഴ്ചവെച്ച ശ്രേയസിനെ ഇംഗ്ലണ്ടിലേക്കുള്ള എ ടീമില്‍ പോലും ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനു പിന്നാലെയാണ് ഏഷ്യാ കപ്പിലും തഴഞ്ഞത്.
ഐപിഎല്ലില്‍ ഈ സീസണില്‍ പഞ്ചാബ് കിങ്‌സിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് ശ്രേയസ്. 17 കളികളില്‍ നിന്ന് 175.07 സ്‌ട്രൈക് റേറ്റില്‍ 604 റണ്‍സെടുത്ത ശ്രേയസ് റണ്‍വേട്ടയില്‍ ആറാമനായിരുന്നു. മധ്യ ഓവറുകളില്‍ ശ്രേയസിന്റെ വെടിക്കെട്ട് പ്രകടനം ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചതുമാണ്. എന്നാല്‍ താരതമ്യേന പരിചയസമ്പത്ത് കുറവുള്ള തിലക് വര്‍മയ്ക്കു വേണ്ടി ശ്രേയസിനെ ഒഴിവാക്കുകയാണ് സെലക്ടര്‍മാര്‍ ചെയ്തത്. ഇത് അനീതിയാണെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം.