Rohit Sharma: 'ഇല്ലാകഥകൾ അടിച്ചിറക്കരുത്'; രോഹിത്തുമായി ചർച്ചകൾ നടന്നിട്ടില്ലെന്ന് ബിസിസിഐ
മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ വഴിയും നടക്കുന്നത് അടിസ്ഥാനരഹിതമായ പ്രചരണം ആണെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈക്കിയ പറഞ്ഞു
Rohit Sharma: മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമയോട് രാജ്യാന്തര ക്രിക്കറ്റ് അവസാനിപ്പിക്കാൻ ബിസിസിഐയോ ബോർഡുമായി അടുത്ത ഏതെങ്കിലും വൃത്തങ്ങളോ അറിയിച്ചിട്ടില്ല. ലോർഡ്‌സിൽ നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിനു ശേഷം രോഹിത് ഇന്ത്യൻ ടീമിന്റെ ഭാഗമായിരിക്കില്ലെന്ന് ബിസിസിഐ അറിയിച്ചെന്ന വാർത്തകളെ ബോർഡ് തള്ളി.
മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ വഴിയും നടക്കുന്നത് അടിസ്ഥാനരഹിതമായ പ്രചരണം ആണെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈക്കിയ പറഞ്ഞു.
' രോഹിത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ട് ഒരുപാട് ചർച്ചകൾ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. അതെല്ലാം അടിസ്ഥാനമില്ലാത്തതാണ്. ശനിയാഴ്ച ലോർഡ്‌സിൽ നടക്കാൻ പോകുന്നത് രോഹിത്തിന്റെ അവസാന ഏകദിനമായിരിക്കുമെന്ന തരത്തിൽ ഒരു ചർച്ചയും ബിസിസിഐയ്ക്കും താരത്തിനും ഇടയിൽ നടന്നിട്ടില്ല. ഇന്ത്യയുടെ ഏകദിന ടീമിന്റെ സ്ഥിരം സാന്നിധ്യമാണ് രോഹിത്. അദ്ദേഹത്തിനു സാധിക്കുന്നത് വരെ ഈ ഫോർമാറ്റിൽ തുടരും. ലോർഡ്‌സ് ഏകദിനം അദ്ദേഹത്തിന്റെ അവസാന മത്സരമായിരിക്കില്ല,' സൈക്കിയ പറഞ്ഞു.