1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Lords ODI could be rohit sharma's last match for india

ഹിറ്റ്മാൻ കാലം അവസാനിക്കുന്നു, ലോകകപ്പിന് പരിഗണിക്കുന്ന താരങ്ങളിൽ രോഹിത്തില്ല, ലോർഡ്സിൽ കളിക്കുക അവസാന മത്സരം?

Lords ODI, Rohit sharma Retirement, 2027 ODI worldcup, Cricket News
ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിന മത്സരം മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ അവസാന മത്സരമായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ജൂലൈ 19ന് ലോര്‍ഡ്‌സിലാണ് പരമ്പരയിലെ അവസാന മത്സരം. 2027ലെ ഏകദിന ലോകകപ്പില്‍ രോഹിത്തിനെ പരിഗണിക്കേണ്ടതില്ലെന്ന തീരുമാനം ബിസിസിഐ എടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞയാഴ്ച ഇന്ത്യന്‍ ടീം മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനൊപ്പം സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ രോഹിത്തുമായി ചര്‍ച്ച നടത്തിയിരുന്നു.
 
 2027ലെ ഏകദിന ലോകകപ്പ് മുന്നില്‍ കണ്ട് യശ്വസി ജയ്‌സ്വാളിനെ പോലുള്ള താരങ്ങളെ സ്ഥിരസാന്നിധ്യമാക്കാനാണ് ടീം ലക്ഷ്യമിടുന്നത്. തന്റെ ഫിറ്റ്‌നസ് മെച്ചപ്പെടുത്തി ലോകകപ്പ് കളിക്കാനുള്ള ശ്രമങ്ങള്‍ രോഹിത് നടത്തിയിരുന്നു. എന്നാല്‍ മികച്ച പ്രകടനങ്ങള്‍ നടത്തി ജയ്‌സ്വാളിനെ പോലൊരു താരം പുറത്തുള്ളത് ബിസിസിഐ പരിഗണിക്കുകയായിരുന്നു. ബിസിസിഐയുടെ തീരുമാനത്തില്‍ രോഹിത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന.
 
ടീം മാനേജ്‌മെന്റുമായും ബിസിസിഐ ഉന്നതരുമായും രോഹിത് ഇത് സംബന്ധിച്ച് സംസാരിച്ചതായാണ് വിവരം. എന്നിരുന്നാലും വിരമിക്കല്‍ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത് രോഹിത് ശര്‍മയാണ്. നേരത്തെ 2024ല്‍ ടി20 ലോകകിരീടം നേടിയതിന് പിന്നാലെ ടി20 ഫോര്‍മാറ്റില്‍ നിന്നും രോഹിത് വിരമിച്ചിരുന്നു. നിലവില്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് രോഹിത് ഇന്ത്യയ്ക്കായി കളിക്കുന്നത്.
 
യുവതാരങ്ങളെ പരിഗണിക്കാനുള്ള ടീം മാനേജ്‌മെന്റ് തീരുമാനത്തോടൊപ്പം സമീപകാല പ്രകടനങ്ങളും രോഹിത്തിന് തിരിച്ചടിയായിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെ ആദ്യ 2 മത്സരങ്ങളില്‍ 11,26 എന്നിങ്ങനെയാണ് രോഹിത്തിന്റെ സ്‌കോറുകള്‍. രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ റണ്‍സ് കണ്ടെത്താന്‍ രോഹിത് ബുദ്ധിമുട്ടിയിരുന്നു. ബാറ്റിംഗ് ഫോം വീണ്ടെടുക്കാന്‍ കഴിയാത്ത ഈ സാഹചര്യവും സെലക്ഷന്‍ കമ്മിറ്റിയുടെ കടുത്ത തീരുമാനത്തിന് കാരണമായിട്ടുണ്ട്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
റൂട്ട് ടോപ് ഫോമിൽ, 99 നോട്ടൗട്ട്.. രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി