Rohit Sharma: 'ക്രിക്കറ്റ് നിര്‍ത്താന്‍ ഞാന്‍ ആലോചിച്ചു, അത്രയും തകര്‍ന്നിരുന്നു'; തുറന്നുപറഞ്ഞ് രോഹിത് ശര്‍മ
ഫൈനലിലെ തോല്‍വി ഉള്‍ക്കൊള്ളാന്‍ എല്ലാവര്‍ക്കും വലിയ പ്രയാസമായിരുന്നു
Rohit Sharma: 2023 ഏകദിന ലോകകപ്പ് ഫൈനല്‍ തോല്‍വിക്കു പിന്നാലെ ക്രിക്കറ്റ് അവസാനിപ്പിക്കാന്‍ താന്‍ ആലോചിച്ചിരുന്നെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ രോഹിത് ശര്‍മ. ' അഹമ്മദബാദില്‍ നടന്ന ഏകദിന ലോകകപ്പ് ഫൈനല്‍ തോല്‍വിക്കു ശേഷം ഈ ക്രിക്കറ്റ് ഇനി ജീവിതത്തില്‍ കളിക്കേണ്ടതില്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്,' രോഹിത് പറഞ്ഞു.
ഫൈനലിലെ തോല്‍വി ഉള്‍ക്കൊള്ളാന്‍ എല്ലാവര്‍ക്കും വലിയ പ്രയാസമായിരുന്നു. ഞങ്ങളെല്ലാവരും അതീവ നിരാശരായി. 2022 ട്വന്റി 20 ലോകകപ്പ്, 2023 ഏകദിന ലോകകപ്പ് എന്നിവയായിരുന്നു എന്റെ ലക്ഷ്യം. 2022 ല്‍ ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം എന്റെ സകലതും ഞാന്‍ ലോകകപ്പിനായി സമര്‍പ്പിച്ചു. എന്നാല്‍ ഈ തോല്‍വികള്‍ എന്നെ വ്യക്തിപരമായി തളര്‍ത്തി. - രോഹിത് പറഞ്ഞു.
' എന്റെ വ്യക്തിപരമായ ലക്ഷ്യം ഏതെങ്കിലും ലോകകപ്പ് നേടുക എന്നതായിരുന്നു, ഒന്നുകില്‍ ടി20 ലോകകപ്പ് (2022) അല്ലെങ്കില്‍ 2023 ഏകദിന ലോകകപ്പ്. രണ്ടും നടക്കാതെ ആയപ്പോള്‍ ഞാന്‍ പൂര്‍ണമായി തകര്‍ന്നു. എന്റെ ശരീരത്തില്‍ ഒരുതരി ഊര്‍ജ്ജം പോലും ശേഷിച്ചിരുന്നില്ല. എന്നെ തിരിച്ചുപിടിക്കാനും ആ തകര്‍ച്ചയില്‍ നിന്ന് കരകയറാനും എനിക്ക് മാസങ്ങള്‍ വേണ്ടിവന്നു. നമുക്കുള്ളതെല്ലാം ഒരു ലക്ഷ്യത്തിനായി സമര്‍പ്പിച്ചിട്ട് അത് നടക്കാതെ വരുമ്പോള്‍ സ്വാഭാവികമായും എല്ലാവരും തളര്‍ന്നുപോകും. അത് തന്നെയാണ് എനിക്കും സംഭവിച്ചത്,' രോഹിത് പറഞ്ഞു.
ടെസ്റ്റില്‍ നിന്നും ട്വന്റി20 യില്‍ നിന്നും വിരമിച്ച രോഹിത് ശര്‍മ ഏകദിന ക്രിക്കറ്റില്‍ മാത്രമാണ് ഇപ്പോള്‍ രാജ്യത്തിനായി കളിക്കുന്നത്. 2027 ല്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് വരെ ഇന്ത്യക്കായി കളിക്കാന്‍ രോഹിത് ശര്‍മ ആഗ്രഹിക്കുന്നുണ്ട്.