അഭിറാം മനോഹർ|
Last Modified വ്യാഴം, 11 ഡിസംബര്‍ 2025 (16:13 IST)
ഇന്ത്യന്‍ സീനിയര്‍ താരങ്ങളായ വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും വാര്‍ഷിക കരാറുകളില്‍ മാറ്റം വരുത്താനൊരുങ്ങി ബിസിസിഐ. ഈ മാസം 23ന് ചേരുന്ന
ബിസിസിഐ വാര്‍ഷിക പൊതുയോഗത്തില്‍ അടുത്ത വര്‍ഷത്തേക്കുള്ള കളിക്കാരുടെ വാര്‍ഷിക കരാറുകളുടെ കാര്യത്തില്‍ ബിസിസിഐ തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. മിഥുന്‍ മന്‍ഹാസ് ബിസിസിഐ പ്രസിഡന്റായതിന് ശേഷം നടക്കുന്ന ആദ്യ വാര്‍ഷിക ജനറല്‍ ബോര്‍ഡ് യോഗമാണിത്.
പുതുക്കിയ വാര്‍ഷിക കരാറുകള്‍ പ്രഖ്യാപിക്കുമ്പോള്‍ 7 കോടി വാര്‍ഷിക പ്രതിഫലമുള്ള എ പ്ലസ് വിഭാഗത്തില്‍ നിന്ന് കോലി, രോഹിത് എന്നിവരെ എ കാഗറ്ററിയിലേക്ക് മാരും. അഞ്ച് കോടി രൂപയാണ് എ കാറ്റഗറിയില്‍ താരങ്ങളുടെ പ്രതിഫലം. നിലവില്‍ ഒരു ഫോര്‍മാറ്റില്‍ മാത്രമാണ് കോലി, രോഹിത് എന്നിവര്‍ കളിക്കുന്നത്. ഇതാണ് വാര്‍ഷിക കരാറില്‍ തരം താഴ്ത്താനുള്ള കാരണമായി ചൂണ്ടികാണിക്കുന്നത്. നിലവില്‍ വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്ക് പുറമെ ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവര്‍ക്കാണ് എ പ്ലസ് കരാറുള്ളത്. പുതുക്കിയ പട്ടികയില്‍ ശുഭ്മാന്‍ ഗില്ലിനെ എ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തും.
അതേസമയം മലയാളി താരം സഞ്ജു സാംസണെ ഒരു കോടി വാര്‍ഷിക പ്രതിഫലമുള്ള ഡി കാറ്റഗറിയില്‍ നിന്നും 3 കോടി വാര്‍ഷിക പ്രതിഫലമുള്ള ബി കാറ്റഗറിയിലേക്ക് ഉയര്‍ത്തിയേക്കും. പ്ലേയിംഗ് ഇലവനില്‍ സ്ഥാനം തുലാസിലാണെങ്കിലും വാര്‍ഷിക കരാറില്‍ സഞ്ജുവിന് പ്രമോഷന്‍ നല്‍കുമെന്നാണ് സൂചന.