ഇന്ത്യൻ പിച്ചുകളെ വിമർശിക്കുന്നവർ എവിടെ, മിണ്ടാട്ടമില്ലെ?, മെൽബൺ പിച്ചിനെ വിമർശിച്ച് പീറ്റേഴ്സൺ
ആഷസ് നാലാം ടെസ്റ്റിന്റെ ഒന്നാം ദിനത്തില്‍ മെല്‍ബണില്‍ 20 വിക്കറ്റുകള്‍ വീണ സാഹചര്യത്തില്‍ പിച്ചിന്റെ ഗുണനിലവാരത്തെ പറ്റിയുള്ള താരങ്ങളുടെ ഇരട്ടത്താപ്പിനെതിരെ വിമര്‍ശനവുമായി മുന്‍ ഇംഗ്ലണ്ട് താരമായ കെവിന്‍ പീറ്റേഴ്‌സണ്‍. ഇന്ത്യയില്‍ ആദ്യ ദിനം വിക്കറ്റുകള്‍ വീഴുമ്പോള്‍ വിമര്‍ശിക്കുന്നവര്‍ മെല്‍ബണില്‍ സംഭവിച്ചത് കണ്ട മട്ടില്ലെന്ന് പീറ്റേഴ്‌സണ്‍ വ്യക്തമാക്കി.
മെല്‍ബണ്‍ ടെസ്റ്റിന്റെ ആദ്യ ദിനം ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. ഓസീസിനെ ഇംഗ്ലണ്ട് 152 റണ്‍സിന് പുറത്താക്കിയപ്പോള്‍ ഇംഗ്ലണ്ട് ഇന്നിങ്ങ്‌സ് 110 റണ്‍സിന് അവസാനിച്ചിരുന്നു. ബൗളര്‍മാര്‍ക്ക് വ്യക്തമായ പിന്തുണ നല്‍കുന്ന പിച്ചായിരുന്നു മത്സരത്തിന്റെ ആദ്യദിവസത്തെ ബാറ്റര്‍മാരുടെ കൂട്ടക്കുരുതിക്ക് കാരണമായത്.
ഇതിനെ തുടര്‍ന്ന് നടത്തിയ പ്രതികരണത്തിലാണ് പീറ്റേഴ്‌സന്‍ തുറന്ന നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയില്‍ സ്പിന്‍ അനുകൂല പിച്ചുകളില്‍ മത്സരം നടന്നാല്‍, ''അന്യായം'', ''ഹോം അഡ്വാന്റേജ് ദുരുപയോഗം'' തുടങ്ങിയ ആരോപണങ്ങള്‍ ഉയരാറുണ്ടെന്നും, എന്നാല്‍ ഓസ്‌ട്രേലിയയില്‍ അതിലേറെ ബൗളര്‍ അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും വിമര്‍ശനങ്ങള്‍ ഒന്നും ഉയരുന്നില്ലെന്നും ഇത് ഇരട്ടത്താപ്പാണെന്നും പീറ്റേഴ്‌സണ്‍ പറയുന്നു.
Fair is fair എന്ന വാക്കുകളിലൂടെ, എല്ലാ രാജ്യങ്ങള്‍ക്കും ഒരേ മാനദണ്ഡം ബാധകമാകണമെന്ന് പീറ്റേഴ്‌സന്‍ ആവശ്യപ്പെട്ടു. ഈഡന്‍ ഗാര്‍ഡന്‍സിലെ പിച്ചിനെ വിമര്‍ശിക്കുന്നുണ്ടെങ്കില്‍ ഓസ്‌ട്രേലിയയിലെ പിച്ചിനെ വിമര്‍ശിക്കാനും മടി കാണിക്കരുത്. പീറ്റേഴ്‌സണ്‍ വ്യക്തമാക്കി. സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് താരത്തിന്റെ വിമര്‍ശനം.