രേണുക വേണു|
Last Modified ഞായര്‍, 28 ഡിസംബര്‍ 2025 (09:00 IST)
Australia vs England, 4th Test: ആഷസ് പരമ്പരയിലെ ബോക്‌സിങ് ഡേ ടെസ്റ്റ് വിവാദമാകുന്നു. പരമ്പരയിലെ നാലാം ടെസ്റ്റിനു മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടാണ് ആതിഥേയത്വം വഹിച്ചത്. രണ്ടാം ദിനം പൂര്‍ത്തിയാകും മുന്‍പ് മത്സരം അവസാനിച്ചതാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയ്‌ക്കെതിരായ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും കാരണം.
കളിയില്‍ ഇരു ടീമുകള്‍ക്കും രണ്ട് ഇന്നിങ്‌സിലും 200 ല്‍ താഴെ മാത്രമേ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചിട്ടുള്ളൂ. ഒടുവില്‍ നാല് വിക്കറ്റിനു ഇംഗ്ലണ്ട് ജയിക്കുകയും ചെയ്തു. ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 152 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 110 ല്‍ തീര്‍ന്നു. രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 132 നു ഓള്‍ഔട്ട്. ഒന്നാം ഇന്നിങ്‌സിലെ 42 റണ്‍സ് ലീഡ് അടക്കം ഓസ്‌ട്രേലിയയുടെ ടോട്ടല്‍ ലീഡ് 174 റണ്‍സ്. 175 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യംകണ്ടു.
142 ഓവറുകള്‍ മാത്രമാണ് ബോക്‌സിങ് ഡേ ടെസ്റ്റിനു ആയുസ് ഉണ്ടായിരുന്നത്. ഇതിനിടെ ഇരു ടീമുകളുടെയുമായി 36 വിക്കറ്റുകള്‍ വീണു. പൂര്‍ണമായും പേസര്‍മാര്‍ക്കു അനുകൂലമാകുന്ന വിധമാണ് പിച്ച് ഒരുക്കിയത്. ഇരു ടീമുകളിലുമായി ഒരു സ്പിന്നര്‍ക്കു പോലും പന്തെറിയേണ്ടിവന്നിട്ടില്ല. ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായാകും ഇങ്ങനെയൊരു 'വിചിത്ര' മത്സരമെന്നാണ് ഓസ്ട്രേലിയന്‍ ആരാധകര്‍ അടക്കം വിമര്‍ശിക്കുന്നത്. ഇന്ത്യയിലെ സ്പിന്‍ പിച്ചുകളില്‍ ഇങ്ങനെയൊരു വിധി ഉണ്ടായാല്‍ ഏറ്റവും ആദ്യം പിച്ചിനെ കുറ്റം പറയുക ഓസ്‌ട്രേലിയയിലെ ക്രിക്കറ്റ് നിരീക്ഷകര്‍ ആയിരിക്കുമെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രധാന വിമര്‍ശനം. നാല് ഇന്നിങ്സുകളിലുമായി ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡ് നേടിയ 46 (രണ്ടാം ഇന്നിങ്സ്) ആണ്. ഒരാള്‍ക്കു പോലും അര്‍ധ സെഞ്ചുറി നേടാന്‍ സാധിച്ചിട്ടില്ല.