India vs Sri Lanka, 2nd Test: ശ്രീലങ്കയ്ക്ക് ഫോളോ-ഓൺ; ഇന്ത്യക്ക് 213 റൺസ് ലീഡ്
India vs Sri Lanka
India vs Sri Lanka: കൊളംബോ ടെസ്റ്റിൽ ഫോളോഓൺ വഴങ്ങി ശ്രീലങ്ക. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 503 നെതിരെ ആതിഥേയർ 290 ന് ഓൾഔട്ട്. 304 റൺസ് ആയിരുന്നു ഫോളോ ഓൺ ഒഴിവാക്കാൻ ലങ്കയ്ക്ക് വേണ്ടിയിരുന്നത്. എന്നാൽ അതിനും 14 റൺസ് മുൻപ് ഓൾഔട്ട് ആയി !
ശ്രീലങ്കയെ ഫോളോഓൺ ചെയ്യിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചു. ലങ്കയുടെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ഉടൻ ആരംഭിക്കും. 213 റൺസിന്റെ ലീഡാണ് ഇന്ത്യക്കുള്ളത്. അതിനാൽ 213 ന് മുൻപ് ലങ്കയെ ഓൾഔട്ട് ആക്കാൻ സാധിച്ചാൽ ഇന്ത്യക്ക് ഇന്നിങ്‌സ് ജയം സ്വന്തമാക്കാം.
സോനൽ ദിനുഷ ശ്രീലങ്കയ്ക്കായി സെഞ്ചുറി നേടി. 162 പന്തിൽ എട്ട് ഫോറും മൂന്ന് സിക്‌സും സഹിതം 103 റൺസാണ് ദിനുഷ നേടിയത്. പസിന്ദു സൂര്യബന്ദര (133 പന്തിൽ 80) അർധ സെഞ്ചുറി നേടി. കമിന്ദു മെൻഡിസ് 58 പന്തിൽ 32 റൺസെടുത്തു.
ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണയും മാനവ് സുതാറും മൂന്ന് വീതം വിക്കറ്റുകൾ സ്വന്തമാക്കി. സാരാംശ് ജെയിൻ രണ്ട് വിക്കറ്റ് വീഴ്ത്തി. രവീന്ദ്ര ജഡേജയ്ക്കും മുഹമ്മദ് സിറാജിനും ഓരോ വിക്കറ്റ്.