അഭിറാം മനോഹർ|
Last Modified ബുധന്‍, 4 മാര്‍ച്ച് 2026 (11:23 IST)
ടി20 ലോകകപ്പ് സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ നേരിടാന്‍ ഇന്ത്യ ഒരുങ്ങുമ്പോള്‍ സഞ്ജു സാംസണിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 2 സെഞ്ചുറികള്‍ നേടി കരിയറിലെ മികച്ച ഫോമില്‍ നിന്ന സഞ്ജുവിന്റെ ബലഹീനതകള്‍ ലോകത്തിന് കാണിച്ച് കൊടുത്തത് ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചറായിരുന്നു. ഇംഗ്ലണ്ടിനെതിരായ സീരീസില്‍ 3 തവണയാണ് ആര്‍ച്ചറിന്റെ പന്തില്‍ സഞ്ജു പുറത്തായത്. വെസ്റ്റിന്‍ഡീസിനെതിരെ 97 റണ്‍സ് നേടി തകര്‍പ്പന്‍ ഫോമിലാണെങ്കിലും ഈ കണക്കുകള്‍ ഇന്ത്യന്‍ ആരാധകരെ ആശങ്കപ്പെടുത്തുന്നതാണ്.
അഞ്ച് ഇന്നിങ്ങ്‌സുകളില്‍ 3 തവണയും സഞ്ജുവിനെ പുറത്താക്കാന്‍ രാജസ്ഥാനിലെ മുന്‍ സഹതാരം കൂടിയായ ജോഫ്ര ആര്‍ച്ചര്‍ക്ക് സാധിച്ചിരുന്നു. ആര്‍ച്ചര്‍ക്കെതിരെ 8.33 മാത്രമാണ് സഞ്ജുവിന്റെ ബാറ്റിംഗ് ശരാശരി. ആര്‍ച്ചര്‍ എറിഞ്ഞ 23 പന്തുകളില്‍ 13 എണ്ണത്തിലും റണ്‍സെടുക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. വാംഖഡെയിലെ അധിക ബൗണ്‍സ് മുതലെടുത്ത് ഷോര്‍ട്ട് ബോളുകളില്‍ സഞ്ജുവിനെ കുടുക്കാനായിരിക്കും ഇംഗ്ലണ്ട് ലക്ഷ്യമിടുക.
മറ്റ് ടീമുകള്‍ക്കെതിരെ മികച്ച റെക്കോര്‍ഡുണ്ടെങ്കിലും ഇംഗ്ലണ്ടിനെതിരായ സഞ്ജുവിന്റെ റെക്കോര്‍ഡ് അത്ര മികച്ചതല്ല. ഇംഗ്ലണ്ടിനെതിരെ നടന്ന അവസാന ടി20 സീരീസില്‍ 26,5,3,1,16 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ പ്രകടനം. എന്നാല്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ കാഴ്ചവെച്ച പോരാട്ടവീര്യം വാംഖഡെയിലും ആവര്‍ത്തിക്കാന്‍ സഞ്ജുവിനായാല്‍ ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം അനായാസമാകും.