അഭിറാം മനോഹർ|
Last Modified ബുധന്‍, 4 മാര്‍ച്ച് 2026 (09:56 IST)
ടി20 ലോകകപ്പ് സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന ടീം ഇന്ത്യയുടെ പ്ലെയിംഗ് ഇലവനില്‍ മാറ്റങ്ങള്‍ വരുത്തണമോ എന്ന ചോദ്യമുന്നയിച്ച് മുന്‍ പരിശീലകനും കമന്റേറ്ററുമായ രവിശാസ്ത്രി. ടി20യിലെ നമ്പര്‍ വണ്‍ ബാറ്ററാണെങ്കിലും ലോകകപ്പില്‍ ഇന്ത്യയ്ക്കായി തിളങ്ങാന്‍ അഭിഷേകിനായിട്ടില്ല. എന്നാല്‍ വാംഖഡെയില്‍ ഇംഗ്ലണ്ടിനെതിരെ കളിക്കാനിറങ്ങുമ്പോള്‍ അഭിഷേകിന് പഴയ ഫോമിലേക്ക് മടങ്ങിയെത്താന്‍ കഴിയുമെന്ന് ശാസ്ത്രി വിശ്വസിക്കുന്നു. അതേസമയം താരത്തിന്റെ ആത്മവിശ്വാസം തകര്‍ന്നിട്ടുണ്ടെങ്കില്‍ ഓപ്പണിങ്ങില്‍ മാറ്റം വരുത്തണമെന്നാണ് ശാസ്ത്രി അഭിപ്രായപ്പെടുന്നത്.
'ടീം മാനേജ്മെന്റ് താരത്തിന്റെ മാനസികാവസ്ഥ പരിശോധിക്കണം. ആത്മവിശ്വാസം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ടെങ്കില്‍ മാത്രമേ മാറ്റത്തെക്കുറിച്ച് ചിന്തിക്കാവൂ. അല്ലെങ്കില്‍ അവന് പിന്തുണ നല്‍കണം. ആത്മവിശ്വാസമില്ലാത്ത നിലയിലാണ് അഭിഷേക് എങ്കില്‍ സഞ്ജുവിനൊപ്പം ഇഷാന്‍ കിഷനെ ഓപ്പണറായി ഉള്‍പ്പെടുത്തണം. റിങ്കു സിംഗിനെ ഫിനിഷര്‍ റോളിലേക്കും കൊണ്ടുവരണം. ശാസ്ത്രി ഐസിസി റിവ്യൂവില്‍ പറഞ്ഞു. വാംഖഡെയില്‍ അഭിഷേകിന് മികച്ച റെക്കോര്‍ഡാണുള്ളതെന്നും ഇംഗ്ലണ്ടിനെതിരെ താരം ഫോമിലെത്തുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ശാസ്ത്രി പറഞ്ഞു.