സഞ്ജു നീ വിഷമിക്കണ്ട, വലിയ ടൂര്‍ണമെന്റാണ് അവസരം ലഭിക്കും, രോഹിത്തിന്റെ വാക്കുകള്‍ പൊന്നായി

വെസ്റ്റിന്‍ഡീസിനെതിരായ നിര്‍ണായക മത്സരത്തിലെ പ്രകടനത്തോടെ ഇന്ത്യയുടെ തന്നെ ഹീറോയായി സഞ്ജു മാറി. രോഹിത്തിന്റെ വാക്കുകള്‍ പൊന്നായി മാറി.

Rohit sharma, Sanju samson,T20 worldcup,Cricket News
അഭിറാം മനോഹർ| Last Modified ചൊവ്വ, 3 മാര്‍ച്ച് 2026 (16:14 IST)
ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യയുടെ മുന്നേറ്റത്തിന് നിര്‍ണായകമായ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ കാഴ്ചവെച്ച അസാധാരണ പ്രകടനം ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. ക്വാര്‍ട്ടര്‍ ഫൈനലിന് സമാനമായ നോക്കൗട്ട് പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ അഭിഷേക് ശര്‍മയും ഇഷാന്‍ കിഷനുമെല്ലാം തുടക്കത്തില്‍ പവലിയനിലേക്ക് മടങ്ങിയപ്പോള്‍ മത്സരത്തിന്റെ സമ്മര്‍ദ്ദം ഉള്‍ക്കൊണ്ടുകൊണ്ട് ഒരറ്റത്ത് ഉറച്ചുനിന്ന സഞ്ജു സാംസണായിരുന്നു മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം നേടിതന്നത്. ലോകകപ്പിന് മുന്‍പായി ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ ഇടമുണ്ടാകുമോ എന്ന് പോലും അനിശ്ചിതത്വത്തിലായിരുന്ന അവസ്ഥയില്‍ നിന്നായിരുന്നു രാജ്യത്തിന്റെ ഹീറോ എന്ന നിലയിലേക്കുള്ള സഞ്ജുവിന്റെ ട്രാന്‍സ്‌ഫോര്‍മേഷന്‍. മത്സരത്തില്‍ പുറത്താകാതെ 50 പന്തില്‍ 97 റണ്‍സാണ് സഞ്ജു നേടിയത്.


ഇന്ത്യന്‍ ക്രിക്കറ്റിലെ തന്നെ എക്കാലത്തെയും മികച്ച ഇന്നിങ്ങ്‌സുകളിലൊന്നായി വിലയിരുത്തപ്പെടുന്ന പ്രകടനത്തോടെ സഞ്ജു ടി20യിലെ തന്റെ ഓപ്പണിംഗ്‌സ് സ്ലോട്ട് ഉറപ്പിച്ചിരിക്കുകയാണ്. ഈ പ്രകടനത്തിന് പിന്നാലെ ലോകകപ്പിലെ ആദ്യദിനം തന്നെ സഞ്ജുവിനോട് മുന്‍ ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മ പറഞ്ഞ ആശ്വാസവാക്കുകളും ഇപ്പോള്‍ വൈറലാണ്. ടി20 ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസഡറെന്ന നിലയില്‍ രോഹിത് ശര്‍മ ഇന്ത്യ- യുഎസ്എ മത്സരങ്ങള്‍ക്കെത്തിയിരുന്നു. ഇതിനിടയിലാണ് മത്സരത്തിനൊരുങ്ങുന്ന ഇന്ത്യന്‍ താരങ്ങള്‍ക്കരികെ രോഹിത് എത്തിയത്.

സഞ്ജുവിനെ ആശ്ലേഷിച്ച രോഹിത് ശര്‍മ വിഷമിക്കണ്ട, ഇതൊരു വലിയ ടൂര്‍ണമെന്റാണ്, അവസരം എപ്പോള്‍ വേണമെങ്കിലും വരാം എന്ന വാക്കുകളാണ് സഞ്ജുവിനോട് പറഞ്ഞത്. ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ കളിക്കാനായില്ലെങ്കിലും സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയോടേറ്റ തോല്‍വിയോടെ സഞ്ജുവിന് ടീമില്‍ അവസരം ഒരുങ്ങുകയായിരുന്നു. സിംബാബ്വെയ്‌ക്കെതിരെ ചെറുതെങ്കിലും പ്രാധാന്യമുള്ള ഇന്നിങ്ങ്‌സ് കളിക്കാന്‍ സഞ്ജുവിനായിരുന്നു. വെസ്റ്റിന്‍ഡീസിനെതിരായ നിര്‍ണായക മത്സരത്തിലെ പ്രകടനത്തോടെ ഇന്ത്യയുടെ തന്നെ ഹീറോയായി സഞ്ജു മാറി. രോഹിത്തിന്റെ വാക്കുകള്‍ പൊന്നായി മാറി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :