രേണുക വേണു|
Last Modified ബുധന്‍, 4 മാര്‍ച്ച് 2026 (09:41 IST)
ആരാധക പിന്തുണയുടെ കാര്യമെടുത്താല്‍ വിരാട് കോലി, എം എസ് ധോനി, രോഹിത് ശര്‍മ എന്നിവര്‍ക്കൊപ്പമാണ് മലയാളി താരം സഞ്ജു സാംസന്റെ സ്ഥാനമെന്ന് മുന്‍ ഇന്ത്യന്‍ താരമായ ദിനേഷ് കാര്‍ത്തിക്. വെസ്റ്റിന്‍ഡീസിനെതിരായ ലോകകപ്പിലെ നിര്‍ണായക പ്രകടനത്തിന് പിന്നാലെയാണ് കാര്‍ത്തിക് ഇക്കാര്യം പറഞ്ഞത്. ഇന്ത്യ- ഇംഗ്ലണ്ട് ലോകകപ്പ് മത്സരത്തിന് മുന്നോടിയായി സ്‌കൈ സ്‌പോര്‍ട്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെസ്റ്റിന്‍ഡീസിനെതിരായ നിര്‍ണായക മത്സരത്തില്‍ സഞ്ജു പുറത്തെടുത്ത പ്രകടനം സഞ്ജുവിന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്ങ്‌സാണെന്നും ദിനേഷ് കാര്‍ത്തിക് പറയുന്നു. സഞ്ജുവിന്റെ ഒരു അതിശയകരമായ കഥയാണ്. ജനങ്ങള്‍ അവനെ അത്രയും സ്‌നേഹിക്കുന്നു. എനിക്ക് തോന്നുന്നത് കോലിയ്ക്കും രോഹിത്തിനും ധോനിയ്ക്കുമുള്ള അതേ ആരാധക പിന്തുണ സഞ്ജുവിനും ഉണ്ടെന്നാണ്. ദിനേഷ് കാര്‍ത്തിക് പറഞ്ഞു.
2015ല്‍ തന്റെ ഇരുപതാം വയസ്സില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച സഞ്ജുവിന് ലോകം ഓര്‍ത്തിരിക്കുന്ന പ്രകടനം പുറത്തെടുക്കാന്‍ 11 വര്‍ഷം വേണ്ടിവന്നു. ടീമിലെ സ്ഥിരതയില്ലായ്മയും ഇടയ്ക്കിടെയുള്ള പുറത്തുപോകലുമെല്ലാം സഞ്ജുവിനോടുള്ള ആരാധകരുടെ സ്‌നേഹം വര്‍ധിപ്പിക്കുക മാത്രമാണ് ചെയ്തത്. അമിതമായ പ്രതീക്ഷകളുടെ ഭാരമുണ്ടായിട്ടും പ്രതിഭയുടെ കരുത്തില്‍ സഞ്ജു തിരിച്ചുവന്നുവെന്നും ദിനേഷ് കാര്‍ത്തിക് പറഞ്ഞു. ഓഫ് സ്പിന്നര്‍മാരെ നേരിടുന്നതിലെ ഇന്ത്യന്‍ മുന്‍നിരയുടെ പോരായ്മ പരിഹരിക്കാന്‍ സഞ്ജുവിനെ ഓപ്പണറാക്കിയതിലൂടെ സാധിച്ചെന്നും കാര്‍ത്തിക് വിശദീകരിച്ചു.