ബുമ്രയും ഒരു മനുഷ്യനല്ലെ, അയാൾക്കും ഒരു മോശം ദിവസം സംഭവിക്കാം, ലോകകപ്പ് ഫൈനലിന് മുൻപായി ഗ്ലെൻ ഫിലിപ്‌സിന്റെ മുന്നറിയിപ്പ്
ഉയര്‍ന്ന സമ്മര്‍ദമുള്ള ഫൈനല്‍ മത്സരങ്ങളില്‍ മികച്ച താരങ്ങള്‍ക്ക് പോലും ചിലപ്പോൾ പിഴവുകള്‍ സംഭവിക്കാമെന്നാണ് ഫിലിപ്‌സ് പറയുന്നത്.
അഹമ്മദാബാദ്: ഐസിസി ടി20 ലോകകപ്പ് ഫൈനലിന് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി ന്യൂസിലന്‍ഡ് താരം ഗ്ലെന്‍ ഫിലിപ്‌സ്. ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര ലോകത്തിലെ മികച്ച ബൗളര്‍മാരില്‍ ഒരാളാണെങ്കിലും ബുമ്രയ്ക്കും പിഴവുകള്‍ സംഭവിക്കാമെന്നും അത്തരം അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ന്യൂസിലന്‍ഡ് തയ്യാറാണെന്നുമാണ് ഫിലിപ്‌സ് പറയുന്നത്.
ബുംറായുടെ യോര്‍ക്കറുകളും നിയന്ത്രിത ബൗളിംഗും ലോകക്രിക്കറ്റില്‍ തന്നെ പ്രത്യേകതയുള്ളതാണെന്ന് ഫിലിപ്‌സ് അംഗീകരിക്കുന്നു. എന്നാല്‍ ഉയര്‍ന്ന സമ്മര്‍ദമുള്ള ഫൈനല്‍ മത്സരങ്ങളില്‍ മികച്ച താരങ്ങള്‍ക്ക് പോലും ചിലപ്പോൾ പിഴവുകള്‍ സംഭവിക്കാമെന്നാണ് ഫിലിപ്‌സ് പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍ അവസരം പ്രയോജനപ്പെടുത്താന്‍ ന്യൂസിലന്‍ഡ് ശ്രമിക്കുമെന്നും ഫിലിപ്‌സ് പറയുന്നു.
ഡെത്ത് ഓവറുകളില്‍ പോലും കൃത്യതയോടെ യോര്‍ക്കര്‍ എറിയാന്‍ ബുമ്രയ്ക്ക് വലിയ കഴിവുണ്ട്.എന്നാല്‍ ഒരു ബൗളറുടെ നാല് ഓവറുകള്‍ മാത്രമാണ് ഒരു ടി20 മത്സരത്തില്‍ ഉള്ളത്. അതിനാല്‍ സാഹചര്യം അനുസരിച്ച് തന്നെ ന്യൂസിലന്‍ഡ് ബാറ്റ്‌സ്മാന്‍മാര്‍ തന്ത്രം രൂപപ്പെടുത്തുമെന്നും ഫിലിപ്‌സ് കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം ഇന്ത്യയെ നേരിട്ടപ്പോള്‍ ബുമ്രയ്ക്ക് കാര്യമായി തിളങ്ങാനായിരുന്നില്ലെന്നും എത്ര മികച്ച താരമാണെങ്കിലും ബുമ്രയും മനുഷ്യനാണെന്നും മോശം ദിവസങ്ങള്‍ ആര്‍ക്കും സംഭവിക്കാമെന്നും ഫിലിപ്‌സ് പറയുന്നു.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ടി20 ലോകകപ്പ് ഫൈനല്‍ നടക്കുന്നത്. ഇന്ത്യ സ്വന്തം നാട്ടില്‍ ആരാധകരുടെ വലിയ പിന്തുണയോടെയാണ് ഇറങ്ങുന്നത്. എങ്കിലും ഫൈനല്‍ മത്സരത്തിന്റെ സമ്മര്‍ദ്ദം ന്യൂസിലന്‍ഡിനെ ബാധിക്കില്ലെന്നും മികച്ച പോരാട്ടം തന്നെ കാഴ്ചവെയ്ക്കുമെന്നും ഫിലിപ്‌സ് പറയുന്നു.