1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Glenn Maxwell 201 against Afghan in ODI worldcup 2023

Glenn Maxwell Retirement: മരണത്തില്‍ നിന്നും തിരിച്ചുവന്ന പോലൊരു പ്രകടനം, ഏകദിനത്തിലെ ഏറ്റവും മികച്ച ഇന്നിങ്ങ്‌സുകളിലൊന്ന് ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ പേരില്‍

Maxwell 201
2023ലെ ലോകകപ്പിന്റെ തുടക്കത്തില്‍ ഒരു ടീമിനും വലിയ ഭീഷണിയായി അഫ്ഗാനെ തോന്നിയിരുന്നില്ല. എന്നാല്‍ കരുത്തരായ പാകിസ്ഥാന്‍, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് ടീമുകളെയെല്ലാം തോല്‍പ്പിച്ച് കൊണ്ട് പോയിന്റ് പട്ടികയില്‍ വലിയ കുതിപ്പാണ് അഫ്ഗാന്‍ നടത്തിയത്. തങ്ങളുടെ ആദ്യ സെമിഫൈനല്‍ യോഗ്യത ഉറപ്പാക്കാന്‍ ഓസീസിനെതിരായ ഗ്രൂപ്പ് മത്സരത്തിലെ വിജയം അഫ്ഗാന് നിര്‍ണായകമായിരുന്നു.ഇബ്രാഹിം സദ്രാന്റെ മികച്ച ബാറ്റിംഗിന്റെ മികവില്‍ മികച്ചൊരു ടോട്ടല്‍(291) പടുത്തുയര്‍ത്താന്‍ കഴിയുകയും പിന്നാലെ ഓസ്ട്രേലിയന്‍ ബാറ്റിംഗിനെ ഒരു ചീട്ടുകൊട്ടാരം പോലെ തകര്‍ക്കാന്‍ സാധിക്കുകയും ചെയ്തതോടെ ലോകകപ്പിലെ ചരിത്രനിമിഷത്തിനായി ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുന്നതെന്ന് എല്ലാവരും കരുതി. എന്നാല്‍ ഗ്ലെന്‍ മാക്സ്വെല്‍ എന്ന ഒറ്റയാന്റെ മുന്നിലായിരുന്നു അന്ന് അഫ്ഗാന്‍ അടിയറവ് പറഞ്ഞത്.
 
ഓസീസുമായുള്ള മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ പോയന്റ് പട്ടികയില്‍ 10 പോയന്റുമായി നാലാം സ്ഥാനത്തെത്താന്‍ അഫ്ഗാന് സാധിച്ചിരുന്നു. ഓസീസ് സ്‌കോര്‍ ഒരു ഘട്ടത്തില്‍ 91 റണ്‍സിന് 7 എന്ന നിലയിലായിരുന്നു എന്നതിനാല്‍ വിജയിച്ചിരുന്നെങ്കില്‍ റണ്‍ റേറ്റിലും വലിയ വ്യത്യാസമുണ്ടാക്കാന്‍ അഫ്ഗാനാവുമായിരുന്നു. എന്നാല്‍ മാക്സ്വെല്ലിന്റെതടക്കം നിര്‍ണായകമായ പല അവസരങ്ങളും അഫ്ഗാന്‍ ഫീല്‍ഡര്‍മാര്‍ കൈവിട്ടതോടെയാണ് അഫ്ഗാന്റെ സെമിഫൈനല്‍ സ്വപ്നം തകര്‍ന്നടിഞ്ഞത്.
Maxwell
Maxwell
 
അഫ്ഗാനെതിരെ ഓസീസിനെ ഒറ്റയ്ക്ക് തോളിലേറ്റിയ പ്രകടനമാണ് ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ്വെല്‍ നടത്തിയത്. മാക്‌സ്വെല്‍ അന്ന് നടത്തിയ ഒറ്റയാന്‍ പ്രകടനത്തിലൂടെ അനവധി റെക്കോര്‍ഡുകളാണ് പിറന്നത്. ഒരു ഘട്ടത്തില്‍ 91 റണ്‍സിന് 7 വിക്കറ്റെന്ന നിലയില്‍ തകര്‍ന്ന ഓസ്‌ട്രേലിയക്ക് 3 വിക്കറ്റുകള്‍ ശേഷിക്കെ 201 റണ്‍സാണ് വിജയിക്കാനായി വേണ്ടിയിരുന്നത്. ടീമിലെ പ്രധാന ബാറ്റര്‍മാരെല്ലാം മടങ്ങിയതോടെ ക്രീസില്‍ ഉണ്ടായിരുന്നത് അത്യാവശ്യം ബാറ്റ് ചെയ്യുന്ന നായകന്‍ പാറ്റ് കമ്മിന്‍സും. മത്സരത്തിലുടനീളം പേശിവലിവ് തളര്‍ത്തിയിട്ടും വമ്പന്‍ വിജയലക്ഷ്യത്തിന് മുന്നില്‍ മാക്‌സ്വെല്‍ പതറിയില്ല. ഇതിനിടെ മുജിബുള്‍ റഹ്‌മാന്‍ ഒരു ക്യാച്ച് അവസരം നഷ്ടമാക്കിയതും മാക്‌സ്വെല്ലിന് തുണയായി. പേശിവലിവ് ഉള്ളതിനാല്‍ തന്നെ ഓടി റണ്‍സ് നേടുക എന്നത് ഓസ്‌ട്രേലിയക്ക് ചിന്തിക്കാനാവുമായിരുന്നില്ല. അതിനാല്‍ തന്നെ മാക്‌സ്വെല്ലിന് ബാറ്റ് ചെയ്യാന്‍ അവസരമൊരുക്കുക എന്നത് മാത്രമായിരുന്നു പാറ്റ് കമ്മിന്‍സിന് ചെയ്യാനുണ്ടയിരുന്നത്. 68 പന്തുകള്‍ നേരിട്ട് 12 റണ്‍സോടെ കമ്മിന്‍സ് മത്സരത്തില്‍ പുറത്താകാതെ നിന്നപ്പോള്‍ 128 പന്തില്‍ 10 സിക്‌സും 21 ഫോറുമടക്കമാണ് മാക്‌സ്വെല്‍ തകര്‍ത്തടിച്ചത്.. മാക്സ്വെല്ലിന്റെ മികവിലാണ് 292 റണ്‍സ് വിജയലക്ഷ്യം ഓസീസ് മറികടന്നത്.വിജയത്തോടെ സെമി ഫൈനല്‍ ഉറപ്പിക്കാനും ഓസീസിനായി.
 
 
സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 3 വിക്കറ്റിന് വിജയിച്ച ഓസ്‌ട്രേലിയക്ക് ഫൈനലില്‍ എതിരാളികളായത് ഇന്ത്യയായിരുന്നു. ഇന്ത്യയില്‍ വെച്ച് നടന്ന ലോകകപ്പ് ഫൈനല്‍ പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ ഇന്നിങ്ങ്‌സ് 240 റണ്‍സില്‍ അവസാനിച്ചു. 6 വിക്കറ്റുകളും 7 ഓവറുകളും ബാക്കി നില്‍ക്കെ ഓസ്‌ട്രേലിയ മത്സരം വിജയിക്കുകയും ഏകദിന ലോകകപ്പ് സ്വന്തമാക്കുകയും ചെയ്തു. ഇതിനെല്ലാം കാരണമായി മാറിയതോ മാക്‌സ്വെല്ലിന്റെ ആ അപരാജിത ഇന്നിങ്ങ്‌സും.
About Writer
അഭിറാം മനോഹർ