രേണുക വേണു|
Last Modified ശനി, 20 ഡിസംബര്‍ 2025 (16:06 IST)
Ishan Kishan: വിക്കറ്റ് കീപ്പര്‍, ഓപ്പണര്‍ എന്നീ നിലകളില്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡിലെ ബാക്കപ്പ് താരമാണ് ഇഷാന്‍ കിഷന്‍. 2023 നവംബറിലാണ് ഇഷാന്‍ അവസാനമായി ഇന്ത്യക്കു വേണ്ടി ടി20 ക്രിക്കറ്റ് കളിച്ചത്. ഏതാണ്ട് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ വീണ്ടും ദേശീയ ടീമിലേക്ക് തിരിച്ചെത്തിയിരിക്കുന്നു.
ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ഇഷാന്‍ കിഷനു വീണ്ടും ദേശീയ ടീമിലേക്ക് അവസരത്തിന്റെ വാതില്‍ തുറന്നത്. ഒരുമാസം മുന്‍പ് വരെ ഇന്ത്യയുടെ ലോകകപ്പ് പദ്ധതികളില്‍ ഇഷാന്റെ പേര് ഉയര്‍ന്നുകേട്ടിരുന്നില്ല. ദേശീയ ടീമില്‍ ഇനി അവസരം ലഭിക്കുമോ എന്നുപോലും സംശയിച്ചിടത്തു നിന്നാണ് ലോകകപ്പ് സ്‌ക്വാഡിലേക്കുള്ള ഇഷാന്റെ വരവ്.
സയദ് മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനമാണ് ഇഷാനെ സെലക്ടര്‍മാരുടെ റഡാറിലേക്ക് എത്തിക്കുന്നത്. ജാര്‍ഖണ്ഡ് കന്നി കിരീടം ചൂടുമ്പോള്‍ ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റിങ്ങിലും ഇഷാന്‍ മുന്നില്‍നിന്ന് നയിച്ചു. ഹരിയാനയ്‌ക്കെതിരായ ഫൈനലില്‍ 49 പന്തുകളില്‍ ആറ് ഫോറുകളും 10 സിക്‌സുകളും സഹിതം 101 റണ്‍സാണ് ഇഷാന്‍ അടിച്ചുകൂട്ടിയത്. ടൂര്‍ണമെന്റില്‍ ടോപ് സ്‌കോററും ഇഷാന്‍ തന്നെ. 10 കളികളില്‍ നിന്ന് 57.44 ശരാശരിയില്‍ 197.33 സ്‌ട്രൈക് റേറ്റോടെ 517 റണ്‍സാണ് ഇഷാന്‍ അടിച്ചെടുത്തത്.