'തൊടില്ല ഒരുത്തനും'; ആസ്തിയിൽ ബിസിസിഐ 'വൻ റിച്ച്', തൊട്ടുപിന്നിൽ ക്രിക്കറ്റ് ഓസ്‌ട്രേലിയ
ക്രിക്കറ്റ് ബോർഡുകളുടെ ആസ്തിയിൽ എതിരാളികളില്ലാതെ ബിസിസിഐ. ക്രിക്കറ്റിലെ സമ്പത്തിന്റെ കാര്യത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ബഹുദൂരം മുന്നിലാണ്. ലോകത്തെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡെന്ന സ്ഥാനം ബിസിസിഐ നിലനിർത്തി.
18,760 കോടി രൂപയുടെ ആസ്തിയാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനുള്ളത്. രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഇരട്ടിയേക്കാൾ കൂടുതൽ.
രണ്ടാം സ്ഥാനത്തുള്ള ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ആസ്തി 674 കോടി മാത്രമാണ്. 503 കോടി ആസ്തിയുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് മൂന്നാം സ്ഥാനത്ത്. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ആസ്തി 469 കോടിയാണ്.
ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയേക്കാൾ ആസ്തിയുണ്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്, 435 കോടി. ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയ്ക്ക് ആകട്ടെ 401 കോടിയാണ് ആസ്തി. 77 കോടി ആസ്തിയുള്ള ന്യൂസിലൻഡ് ക്രിക്കറ്റാണ് പട്ടികയിൽ പത്താം സ്ഥാനത്ത്. സിംബാബ്വെ ക്രിക്കറ്റിന് 324 കോടിയും വിൻഡീസ് ക്രിക്കറ്റിന് 128 കോടിയും ആസ്തിയുണ്ട്.
സംപ്രേഷണാവകാശം, സ്‌പോണസർഷിപ്പ്, രാജ്യാന്തര ക്രിക്കറ്റ്, ഐപിഎൽ എന്നിവയിൽ നിന്നാണ് ഇന്ത്യക്ക് ഇത്ര ഭീമമായ ആസ്തി ഉണ്ടാകുന്നത്. അതിൽ തന്നെ ഐപിഎലിൽ നിന്ന് വലിയ സാമ്പത്തിക നേട്ടം കൊയ്യാൻ ബിസിസിഐയ്ക്ക് സാധിക്കുന്നുണ്ട്.