ഏഷ്യാകപ്പിൽ ഇന്ത്യൻ ഫീൽഡർമാർ വിട്ടുകളഞ്ഞത് 12 ക്യാച്ചുകൾ!, ദുബായ് സ്റ്റേഡിയത്തിലെ ലൈറ്റ് ശരിയല്ലെന്ന് വരുൺ ചക്രവർത്തി
ദുബായ് സ്റ്റേഡിയത്തിലെ ലൈറ്റിനെയാണ് ഇക്കാര്യത്തില്‍ ഇന്ത്യന്‍ സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തി കുറ്റപ്പെടുത്തിയത്.
ഏഷ്യാകപ്പിലെ സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ ടൂര്‍ണമെന്റില്‍ ഇതുവരെയായി ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ വിട്ടുകളഞ്ഞത് 12 ക്യാച്ചുകള്‍. ഇന്നലെ ബംഗ്ലാദേശിനെതിരെ നടന്ന പോരാട്ടത്തിലും നിരവധി അവസരങ്ങള്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ നഷ്ടപ്പെടുത്തിയിരുന്നു. ദുബായ് സ്റ്റേഡിയത്തിലെ ലൈറ്റിനെയാണ് ഇക്കാര്യത്തില്‍ ഇന്ത്യന്‍ സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തി കുറ്റപ്പെടുത്തിയത്.
പാകിസ്ഥാനെതിരെ നടന്ന മത്സരത്തിലും മൈതാനത്ത് ഫീല്‍ഡിങ്ങില്‍ ഒട്ടേറെ അബദ്ധങ്ങളാണ് ഇന്ത്യ നടത്തിയത്. ഒരു മത്സരത്തിലും എതിരാളികള്‍ ഇത് മുതലെടുത്തില്ല എന്നത് കൊണ്ട് മാത്രമാണ് നിലവില്‍ ഇന്ത്യയുടെ ഫീല്‍ഡിങ്ങിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നു വരാത്തത്. ഇന്നലെ ബംഗ്ലാദേശ് ബാറ്ററായ സൈഫ് ഹസന്റെ 4 ക്യാച്ച് അവസരങ്ങളാണ് ഇന്ത്യ നഷ്ടപ്പെടുത്തിയത്. 51 പന്തില്‍ 69 റണ്‍സെടുത്ത താരം മത്സരത്തിലെ പത്തൊമ്പതാം ഓവറിലാണ് പുറത്തായത്.
പാകിസ്ഥാനെതിരായ മത്സരശേഷം ഇന്ത്യന്‍ ഫീല്‍ഡിങ്ങിനെ പറ്റി നായകന്‍ സൂര്യകുമാര്‍ യാദവും പ്രതികരിച്ചിരുന്നു.മത്സരത്തിന് ശേഷം കളിക്കാരെ ഫീല്‍ഡിങ് കോച്ച് വിളിച്ചുകൂട്ടുമെന്നാണ് തമാശയായി സൂര്യ പ്രതികരിച്ചത്. എന്നാല്‍ ബംഗ്ലാദേശിനെതിരെയും നിരവധി അവസരങ്ങളാണ് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ നഷ്ടമാക്കിയത്.