മോഹൻലാലിന് കാലിടറിയോ? തോൽവിയിൽ ബറോസിനേയും കടത്തിവെട്ടി വൃഷഭ; കണക്കുകൾ പുറത്ത്

ബോക്സ് ഓഫീസ് കളക്ഷൻ കണക്കുകൾ പുറത്തുവരുമ്പോൾ മോഹൻലാൽ സംവിധാനം ചെയ്ത ബറോസിനേക്കാൾ വലിയ പരാജയമായിരുന്നു വൃഷഭയെന്നാണ് വ്യക്തമാകുന്നത്.

Mohanlal, Vrushabha, Mohanlal career, Malayalam Cinema, Box office collection
രേണുക വേണു| Last Modified വെള്ളി, 16 ജനുവരി 2026 (10:47 IST)

തുടരും, ഹൃദയപൂർവ്വം, എൽ 2 എമ്പുരാൻ തുടങ്ങി ഹിറ്റുകൾ വാരിക്കൂട്ടിയ വർഷമായിരുന്നു 2025. ഇരുന്നൂറും മുന്നൂറും കോടി ക്ലബ്ബിലടക്കം ഇടം പിടിക്കാൻ മോഹൻലാൽ എന്ന നടനെ സഹായിച്ച വർഷം കൂടിയായിരുന്നു 2025. പക്ഷേ താരത്തിന് കാലിടറിയ ചിത്രമായിരുന്നു വൃഷഭ.
കന്നഡ സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ബ്രഹ്മാണ്ഡ ചിത്രമായിരുന്നു വൃഷഭ. പാൻ-ഇന്ത്യൻ എപിക് ഫാന്റസി ചിത്രമായി ഒരുക്കിയ ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളിലെത്തിയത്. തുടർച്ചയായ വിജയങ്ങൾ കൂടി കണക്കിലെടുത്ത് ഏറെ പ്രതീക്ഷയോടെയാണ് മോഹൻലാൽ ആരാധകർ ചിത്രത്തെ വരവേറ്റത്. എന്നാൽ കണക്കുകൾ പുറത്തുവരുമ്പോൾ മോഹൻലാൽ സംവിധാനം ചെയ്ത ബറോസിനേക്കാൾ വലിയ പരാജയമായിരുന്നു വൃഷഭയെന്നാണ് വ്യക്തമാകുന്നത്.

റിലീസിനെത്തി ആദ്യ ശനിയാഴ്ച രാജ്യവ്യാപകമായി ചിത്രത്തിന് 25 ലക്ഷം രൂപയിൽ താഴെ മാത്രമാണ് നേടാനായത്. റിപ്പോർട്ടുകൾ അനുസരിച്ച്, 70 കോടിയോളം ബജറ്റിൽ നിർമ്മിച്ച ചിത്രത്തിന് ആഭ്യന്തര കളക്ഷനായി 1.16 കോടി രൂപ മാത്രമാണ് മൂന്നു ദിവസംകൊണ്ട് നേടാനായത്. ബറോസ് ഈ കാലയളവിൽ 1.25 കോടി വരുമാനമുണ്ടാക്കിയതായാണ് ഇൻഡസ്ട്രി ട്രാക്കറായ സാക്നിൽക് റിപ്പോർട്ടു ചെയ്യുന്നത്. കേരളത്തിൽ നിന്ന് വെറും 85 ലക്ഷം മാത്രമാണ് സിനിമയ്ക്ക് നേടാനായത്. ആന്ധ്രയിൽ നിന്ന് 12 ലക്ഷവും കർണാടകയിൽ നിന്ന് ആറ്‌ ലക്ഷവും തമിഴ്നാട്ടിൽ നിന്ന് അഞ്ച് ലക്ഷവും റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് 13 ലക്ഷവും മാത്രമാണ് സിനിമയുടെ സമ്പാദ്യം. ഓവർസീസിൽ നിന്ന് 20 ലക്ഷം മാത്രമാണ് സിനിമയുടെ നേട്ടം.

സിനിമയുടെ തിരക്കഥയ്ക്കും മേക്കിങ്ങിനും വിഎഫ്എക്സിനും മോഹൻലാലിന്റെ പ്രകടനത്തിനും വിമർശനങ്ങൾ ലഭിച്ചിരുന്നു. പല സീനുകളും നാടകത്തെ ഓർമിപ്പിക്കുന്നെന്നും സിനിമയുടെ മലയാളം ഡബ്ബ് നിരാശപ്പെടുത്തിയെന്നുമാണ് പ്രേക്ഷകരുടെ അഭിപ്രായങ്ങൾ. തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റം ചെയ്യപ്പെട്ടിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :