വാൾട്ടറിൻ്റെ പിള്ളേരെ തൊടുന്നോടാ..; ആ കെട്ട് മമ്മൂട്ടിയുടേത് തന്നെ; ചത്താ പച്ചാ ട്രെയിലർ ഏറ്റെടുത്ത് ആരാധകർ

ചിത്രത്തിൽ പ്രേക്ഷകരെ കാത്ത് ഒട്ടേറെ സസ്പെൻസുകൾ ഒളിച്ചിരുപ്പുണ്ടെന്നും ട്രെയിലർ സൂചിപ്പിക്കുന്നുണ്ട്

Chatha Pacha Movie, Arjun Ashokan, Roshan Mathew, Mammootty, Malayalam Cinema, Chatha Pacha trailer
രേണുക വേണു| Last Modified വെള്ളി, 16 ജനുവരി 2026 (10:20 IST)

പ്രേക്ഷകരുടെ ആകാംക്ഷ വാനോളം ഉയർത്തിയാണ് ചത്താ പച്ചാ - റിങ് ഓഫ് റൗഡീസിന്റെ ട്രെയിലർ പുറത്തുവന്നിരിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ മുഴുനീള WWE ചിത്രമാണ് സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമായാണ് ചത്താ പച്ച തിയേറ്ററുകളിലെത്തുന്നത്. റോഷൻ മാത്യു, അർജുൻ അശോകൻ, വിശാഖ് നായർ,
ഇഷാൻ ഷൗക്കത്ത് തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയൊരുക്കുന്ന ചിത്രത്തിൻ്റെ ഓരോ അപ്ഡേറ്റുകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ട്രെയിലറും ഇരുകയ്യും നീട്ടിയാണ് സിനിമാ പ്രേമികൾ ഏറ്റെടുത്തിരിക്കുന്നത്.‌‌

ചിത്രത്തിൽ മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്നുവെന്നതിൻ്റെ സൂചനകൾ നേരത്തെ സ്ഥിരീകരിക്കപ്പെട്ടിരുന്നു. ട്രെയിലർ പുറത്തുവന്നതോടെ മമ്മൂട്ടി എവിടെയെന്നായിരുന്നു എല്ലാവരുടെയും തിരച്ചിൽ.
ട്രെയിലറിന്റെ അവസാനം ഒരാൾ പിൻതിരിഞ്ഞുനിന്ന് തലയിൽ ഒരു കെട്ട് കെട്ടുന്ന രംഗമുണ്ട്. 'വാൾട്ടറിന്റെ പിള്ളേരെ തൊടാൻ ഒരുത്തനും വളർന്നിട്ടില്ലടാ' എന്ന് ഒരു കുട്ടി പറയുന്ന വോയ്‌സ് ഓവറിനൊപ്പമാണ് ഈ സീൻ വരുന്നത്. തിരിഞ്ഞു നിൽക്കുന്നത് മറ്റാരുമല്ല, മമ്മൂട്ടിയാണെന്നാണ് പ്രേക്ഷകരുടെ വാദം.

അതേസമയം ആക്ഷനൊപ്പം കോമഡിയും ഇമോഷനും കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ പ്രേക്ഷകരെ കാത്ത് ഒട്ടേറെ സസ്പെൻസുകൾ ഒളിച്ചിരുപ്പുണ്ടെന്നും ട്രെയിലർ സൂചിപ്പിക്കുന്നുണ്ട്.

നവാഗതനായ അദ്വൈത് നായർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ വരുന്ന 22ന് ചിത്രം തിയേറ്ററുകളിലെത്തും. റീൽ വേൾഡ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പും ലെൻസ്മാൻ ഗ്രൂപ്പും ചേർന്നാണ് റീൽ വേൾഡ് എന്റർടൈൻമെന്റ് എന്ന നിർമ്മാണ കമ്പനിക്ക് രൂപം നൽകിയത്. റിതേഷ് എസ് രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ വിതരണം ചെയ്യുന്നത് .



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :