രേണുക വേണു|
Last Modified വ്യാഴം, 15 ജനുവരി 2026 (11:01 IST)
ജീത്തു ജോസഫ് -
മോഹൻലാൽ ചിത്രം ദൃശ്യത്തിൻ്റെ മൂന്നാം ഭാഗം ഏപ്രിൽ 2 ന് തിയേറ്ററുകളിലെത്തും. ആഗോള റിലീസായി എത്തുന്ന ചിത്രത്തിൻ്റെ റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള വീഡിയോ മോഹൻലാൽ ആണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. വർഷങ്ങൾ കടന്നുപോയി ഭൂതകാലം കടന്നുപോയിട്ടില്ല എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വലിയ പ്രതീക്ഷകളില്ലാതെ തിയേറ്ററിലെത്തണമെന്നായിരുന്നു നേരത്തെ സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞിരുന്നത്. ജോർജുകുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളാണ് ദൃശ്യം 3 പറയുന്നത്. പനോരമ സ്റ്റുഡിയോസ് ആണ് ചിത്രത്തിൻ്റെ ആഗോള തിയറ്റർ, ഓവർസീസ്, ഡിജിറ്റൽ, എയർബോൺ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്.
ഒക്ടോബറിലാണ് ചിത്രത്തിൻ്റെ ഹിന്ദി പതിപ്പിൻ്റെ റിലീസ്. ഷൂട്ടിങ് ഇതുവരെ ആരംഭിച്ചിട്ടില്ല. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്കും ദൃശ്യം റീമേക്ക് ചെയ്യപ്പെട്ടിരുന്നു.
മോഹൻലാലിനൊപ്പം മീന, എസ്തേർ അനിൽ, അൻസിബ ഹസ്സൻ, ആശാ ശരത്, സിദ്ദീഖ്, റോഷൻ ബഷീർ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. റോഷൻ ബഷീർ അവതരിപ്പിച്ച വരുൺ എന്ന കഥാപാത്രത്തിൻ്റെ മരണവും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അതേസമയം ദൃശ്യം 3യ്ക്ക് മുൻപ് ജീത്തു ജോസഫിന്റെ വലതു വശത്തെ കള്ളൻ എന്ന ചിത്രവും റിലീസിനെത്തുന്നുണ്ട്. ബിജു മേനോനും ജോജു ജോർജുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ക്രൈം ഡ്രാമയായി ഒരുങ്ങുന്ന ചിത്രം ജനുവരി 30 നാണ് തിയറ്ററുകളിലെത്തുന്നത്.