അഭിറാം മനോഹർ|
Last Modified ബുധന്‍, 14 ജനുവരി 2026 (18:22 IST)
ബോളിവുഡിലെ ഗ്യാങ്ങ്സ്റ്റര്‍ സിനിമകളുടെ റഫറന്‍സ് സിനിമകളില്‍ ഒന്നായ കമ്പനിയില്‍ മോഹന്‍ലാലിനെ കാസ്റ്റ് ചെയ്ത സംഭവത്തിന്റെ പശ്ചാത്തലം വെളിപ്പെടുത്തി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. മലയാളത്തിന്റെ മുന്‍നിര താരമാണെങ്കിലും ബോളിവുഡില്‍ മോഹന്‍ലാലിന്റെ അരങ്ങേറ്റ സിനിമയായിരുന്നു കമ്പനി. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രാം ഗോപാല്‍ വര്‍മ ഇതിനെ പറ്റി പ്രതികരിച്ചത്.
വീരപ്പള്ളി ശ്രീനിവാസന്‍ ഐപിഎസ് എന്ന പൊലീസ് ഐജി വേഷത്തിലേക്ക് ആദ്യം കമല്‍ ഹാസനെയാണ് പരിഗണിച്ചിരുന്നതെന്നും എന്നാല്‍ പിന്നീട് ചില കാരണങ്ങളാല്‍ തീരുമാനം മാറ്റിയെന്നും രാം ഗോപാല്‍ വര്‍മ പറയുന്നു. കമല്‍ ഹാസന്‍ ഒരു ഗംഭീര നടനാണ്. പക്ഷേ വളരെ സ്‌റ്റൈലൈസ്ഡ് ആയ അഭിനയരീതിയുള്ള ആളാണ്. പക്ഷേ കമ്പനി തികച്ചും റിയലിസ്റ്റിക് ആയ ഒരു സിനിമയായിരുന്നു. ചിത്രത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് കമലിന്റെ സ്‌റ്റൈല്‍ മാച്ച് ആവില്ലെന്ന് തോന്നി. അതുകൊണ്ടാണ് മോഹന്‍ലാലിനെ സമീപിച്ചത്.രാം ഗോപാല്‍ വര്‍മ പറയുന്നു.
2002ലായിരുന്നു അജയ് ദേവ്ഗണ്‍, വിവേക് ഒബ്‌റോയ്, മോഹന്‍ലാല്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രാം ഗോപാല്‍ വര്‍മ കമ്പനി എന്ന സിനിമയൊരുക്കിയത്. തികച്ചും റിയലിസ്റ്റിക്കായ അവതരണം കൊണ്ട് കമ്പനി വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു കാലത്ത് ഇന്ത്യന്‍ സിനിമയിലെ തന്നെ എണ്ണം പറഞ്ഞ സംവിധായകനായിരുന്നെങ്കിലും 2017ല്‍ പുറത്തിറങ്ങിയ സര്‍ക്കാര്‍ 3ന് ശേഷം മികച്ച സിനിമകളൊന്നും ഒരുക്കാന്‍ രാം ഗോപാല്‍ വര്‍മയ്ക്കായിട്ടില്ല. എങ്കിലും തെലുങ്കിലെയും ബോളിവുഡിലെയും പല ക്ലാസിക് സിനിമകളൊരുക്കിയ സംവിധായകന്‍ എന്ന നിലയ്ക്ക് രാം ഗോപാല്‍ വര്‍മയ്ക്ക് ആരാധകര്‍ ഏറെയാണ്.