രേണുക വേണു|
Last Modified വെള്ളി, 13 ഫെബ്രുവരി 2026 (15:00 IST)
യഷിനെ നായകനാക്കി ഗീതു മോഹൻദാസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ അപ്‌സ്' നെതിരെ പരാതിയുമായി ക്രിസ്ത്യൻ സംഘടനായ നാഷണൽ ക്രിസ്ത്യൻ ഫെഡറേഷൻ. ടീസര്‍ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് (സിബിഎഫ്‌സി) പരാതി നൽകിയത്.
ടീസറിലെ ഇന്‍റിമേറ്റ് രംഗങ്ങൾ നടക്കുന്നത് ക്രിസ്തീയ ചിഹ്നങ്ങൾക്കും മിഖായേൽ മാലാഖയുടെ പ്രതിമക്ക് മുന്നിലാണെന്നും കാണിച്ചാണ് പരാതി. സെമിത്തേരിക്ക് പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ ലൈംഗിക രംഗവും തുടര്‍ന്ന് സെമിത്തേരിയിൽ അക്രമാസക്തമായ വെടിവെപ്പും കാണിച്ചതായി പരാതിയിൽ പരാമര്‍ശിക്കുന്നുണ്ട്. ഇത് അപമാനകരമാണെന്ന് പരാതിയിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിനും ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവര്‍ക്കും പരാതി നൽകിയിട്ടുണ്ട്. ടീസർ യൂട്യൂബിൽ നിന്ന് ഉടൻ നീക്കണമെന്നാണ് ആവശ്യം.
ചിത്രത്തിന്റെ ടീസറിൽ അശ്ലീലത അടങ്ങിയിട്ടുണ്ടെന്നും സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്നും ആരോപിച്ച് കർണാടക സംസ്ഥാന വനിതാ കമ്മീഷൻ സെൻസർ ബോർഡിന് മുൻപ് കത്തെഴുതിയിരുന്നു. ടീസർ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്യണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.