രേണുക വേണു|
Last Modified ബുധന്‍, 8 ഏപ്രില്‍ 2026 (10:37 IST)
നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന, രജനീകാന്ത് ചിത്രം 'ജയിലർ 2'-വിൽ ബോളിവുഡ് സൂപ്പർ താരം
ഷാരൂഖ് ഖാൻ ഉണ്ടാവുമെന്ന സൂചനകൾക്ക് വിരാമം. ചിത്രത്തിൽ അതിഥി വേഷം ചെയ്യാനുള്ള ക്ഷണം നടൻ വിനയപൂർവം നിരസിച്ചുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
പകരം അദ്ദേഹത്തിന്റെ വരാനിരിക്കുന്ന കിങ് എന്ന ചിത്രത്തിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. തന്റെ മകൾ സുഹാന ഖാനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ 'കിങ്' റിലീസ് ചെയ്യുന്നതിന് മുമ്പ് മറ്റൊരു സിനിമയിലും പ്രത്യക്ഷപ്പെടാൻ താരം ആഗ്രഹിക്കുന്നില്ല എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടികൾ.
ഷാരൂഖ് ഖാന് ജയിലർ 2വിൽ അതിഥി വേഷത്തിലെത്താൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ഈ സിനിമയക്കായി അദ്ദേഹം സ്വീകരിച്ചിരിക്കുന്ന പ്രത്യേക ലുക്ക് മറ്റൊരു സിനിമയിലൂടെ പുറത്തുവിടാൻ അദ്ദേഹം താല്പര്യപ്പെടുന്നില്ലെന്നും മറ്റൊരു സിനിമയിൽ ആ രൂപം കാണിക്കാൻ ആഗ്രഹിക്കുന്നില്ല എന്നും അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ പിങ്ക്‌വില്ലയോടു പറഞ്ഞു. സിനിമ നിരസിച്ചുവെങ്കിലും രജനീകാന്തിനോട് നേരിട്ട് സംസാരിച്ച് ഷാരൂഖ് ഖാൻ തന്റെ സാഹചര്യം വിശദീകരിച്ചിട്ടുണ്ടെന്ന് ഇവർ വ്യക്തമാക്കി.
ആദ്യ ഭാഗത്തേക്കാൾ വലിയ താരനിരയുമായാണ് 'ജയിലർ 2' എത്തുന്നത്. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രം 2026 പകുതിയോടെ തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം ഈ വർഷം ഡിസംബർ 24നായിരിക്കും കിങ് തീയറ്ററുകളിൽ എത്തുക. സിദ്ധാർഥ് ആനന്ദ് ആണ് ചിത്രത്തിന്റെ സംവിധായകൻ. പത്താന് ശേഷം സിദ്ധാർഥ് ആനന്ദും ഷാറൂഖും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്.ഷാറൂഖിന്റെ മകൾ സുഹാനാ ഖാൻ, ദീപിക പദുക്കോൺ, അഭിഷേക് ബച്ചൻ, അനിൽ കപൂർ തുടങ്ങി വൻ താരനിര ചിത്രത്തിൽ അണി നിരക്കുന്നുണ്ട്.