കേട്ട കഥയെ അല്ല സിനിമയായത്, സിക്കന്ദർ പരാജയത്തിൽ പ്രതികരിച്ച് രശ്മിക മന്ദാന
2025-ലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് പരാജയങ്ങളില്‍ ഒന്നായിരുന്നു സല്‍മാന്‍ ഖാന്‍ ചിത്രം 'സിക്കന്ദര്‍'. സിനിമയുടെ പരാജയത്തിന് ശേഷം സംവിധായകനായ മുരുകദോസ് ചിത്രീകരണസമയത്തുണ്ടായ പ്രയാസങ്ങളെ പറ്റി പറഞ്ഞതും നായകനായ സല്‍മാന്‍ ഖാന്റെ ഷൂട്ടിംഗ് സമയത്തെ പറ്റി പരാതിപ്പെട്ടതും വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ സല്‍മാന്‍ ഖാന്‍ സംവിധായകന്‍ മുരുഗദോസിനെ ഒരു ടിവി ഷോയില്‍ വെച്ച് പരിഹസിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ താന്‍ കേട്ട കഥയല്ല സിനിമയായതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സിനിമയിലെ നായികയായിരുന്നു രശ്മിക മന്ദാന.
താന്‍ കേട്ട തിരക്കഥയില്‍ നിന്നും വ്യത്യസ്തമായ ഒന്നാണ് സിനിമ കഴിഞ്ഞപ്പോള്‍ സംഭവിച്ചതെന്നും ഇത്തരം മാറ്റങ്ങള്‍ സിനിമയില്‍ പക്ഷേ സാധാരണമാണെന്നും രശ്മിക പറഞ്ഞു. നിങ്ങള്‍ കേള്‍ക്കുമ്പോള്‍ അതൊരു കഥ മാത്രമാണ്. എന്നാല്‍ സിനിമയിലേക്ക് കടക്കുമ്പോള്‍ നിര്‍മ്മാണ പ്രക്രിയയില്‍ പ്രകടനങ്ങള്‍, എഡിറ്റിംഗ്, റിലീസ് സമയം എന്നിവ അനുസരിച്ച് കാര്യങ്ങള്‍ മാറും. സിക്കന്ദറിനും സംഭവിച്ചത് അതാണ്. രശ്മിക പറഞ്ഞു. 200 കോടി നിര്‍മാണചെലവില്‍ വന്ന സിനിമ ലോകമെമ്പാടും നിന്ന് 185 കോടി രൂപയായിരുന്നു നേടിയത്. സിനിമയിലെ ദുര്‍ബലമായ കഥ വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു.
അതേസമയം രശ്മികയുടെ അഭിപ്രായത്തിന് സമ്മിശ്ര പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. എന്ത് മാറ്റം വരുത്തിയാലും സിനിമയെ രക്ഷിക്കാന്‍ സാധിക്കില്ലായിരുന്നുവെന്നും ജീവനില്ലാത്ത പ്രകടനമാണ് സിനിമയില്‍ സല്‍മാന്‍ ഖാന്റേതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.