രേണുക വേണു|
Last Modified വ്യാഴം, 5 ഫെബ്രുവരി 2026 (11:54 IST)
രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ധുരന്ദർ. മികച്ച പ്രതികരണമായിരുന്നു സിനിമക്കും സിനിമയിലെ FA9LA എന്ന ഗാനത്തിനു ലഭിച്ചത്. ഫ്ലിപ്പരാച്ചി എന്ന പേരിൽ അറിയപ്പെടുന്ന ബഹ്‌റൈനി റാപ്പറായ ഹുസം അസീമാണ് ഈ ഗാനം കമ്പോസ് ചെയ്തിരിക്കുന്നത്. ബിൽബോർഡ് അറേബ്യ മ്യൂസിക് ചാർട്ടുകളിൽ ഒന്നാമതെത്തിയതോടെ ഗാനമിപ്പോൾ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയിരിക്കികയാണ്.
പാട്ടിൽ അക്ഷയ് ഖന്ന ഡാൻസ് കളിച്ച് വരുന്ന സീൻ ലോകമാകെ ട്രെന്റിങ് ആയിരുന്നു. പക്കാ വൈബിൽ സ്റ്റൈലിഷ് മൂഡിലാണ് നടന്റെ ഡാൻസ്. തിയേറ്ററിൽ ഈ സീനിന് വലിയ കയ്യടികളാണ് ലഭിച്ചത്. കൂടാതെ സോഷ്യൽമീഡിയയിൽ ഗാനത്തിനൊത്തുള്ള റീൽസുകളുടെ തരംഗമാണ്.
ജനുവരി ഒന്നുവരെ ഗാനം നാല് വ്യത്യസ്ത അറബിക് ബിൽബോർഡ് ചാർട്ടുകളിൽ മുന്നിലായിരുന്നു.
2024 മെയ് മാസത്തിലാണ് FA9LA പുറത്തിറങ്ങിയത്. എന്നാൽ ധുരന്ധറിൽ പ്രത്യക്ഷപ്പെട്ടതിനുശേഷമാണ് ഗാനം വൻ ജനപ്രീതി നേടിയത്. വിജയത്തിന് പിന്നാലെ ഫ്ലിപ്പരാച്ചി തന്റെ ഇന്ത്യൻ പര്യടനവും പ്രഖ്യാപിച്ചു. മാർച്ച് 14 ന് ബെംഗളൂരുവിൽ നടക്കുന്ന UN40 മ്യൂസിക് ഫെസ്റ്റിവലിലാണ് താരം പങ്കെടുക്കുന്നത്. ബഹ്റൈനിലെ മനാമാ സ്വദേശിയായ ഫ്ലിപ്പരാച്ചിയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ഈ ഗാനം.
ജിയോ സ്റ്റുഡിയോസ്,
ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിൽ സഞ്ജയ് ദത്ത്, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തിയിരുന്നു. 'ഉറി ദ സർജിക്കൽ' സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധർ. രണ്ട് ഭാഗങ്ങളായി ചിത്രീകരിച്ച സിനിമയുടെ അടുത്ത ഭാഗം മാർച്ചിൽ റിലീസ് ചെയ്യും.