അഭിറാം മനോഹർ|
Last Modified തിങ്കള്‍, 19 ജനുവരി 2026 (19:46 IST)
രണ്‍വീര്‍ സിംഗ് നായകനായെത്തിയ സ്‌പൈ-ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ധുരന്ധര്‍ ബോളിവുഡില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന പശ്ചാത്തലത്തില്‍ ധുരന്ധര്‍ 2വിനെ പറ്റി കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സിനിമയിലെ നായികയായ സാറ അര്‍ജുന്‍. മാര്‍ച്ച് 19ന് രണ്ടാം ഭാഗം ഇറങ്ങുമ്പോള്‍ ധുരന്ധര്‍ ആദ്യഭാഗത്തേക്കാള്‍ വലിയ കാന്‍വാസിലാകും സിനിമയെത്തുകയെന്ന് സാറ അര്‍ജുന്‍ പറയുന്നു.
സിനിമയില്‍ പാകിസ്ഥാനി രാഷ്ട്രീയക്കാരന്റെ മകളും ഇന്ത്യന്‍ ഏജന്റായ ഹംസ അലി മസാരിയുടെ ഭാര്യയുമായ യലീന ജമാലി എന്ന കഥാപാത്രമായാണ് സാറ അഭിനയിച്ചത്. രണ്ടാം ഭാഗത്തില്‍ കൂടുതല്‍ പ്രാധാന്യമുള്ള വേഷമാണ് താന്‍ അവതരിപ്പിക്കുന്നതെന്നും രണ്ടാം ഭാഗത്തേക്കാള്‍ വലിയ ക്യാന്‍വാസിലാണ് സിനിമ ഒരുങ്ങുന്നതെന്നും ഒരു അഭിമുഖത്തിനിടെ സാറ അര്‍ജുന്‍ വ്യക്തമാക്കി.
സമ്പൂര്‍ണ്ണ പാന്‍-ഇന്ത്യന്‍ റിലീസായി ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ സിനിമ റിലീസ് ചെയ്യുമെന്നാണ് കരുതുന്നത്. ഹിന്ദി വിപണിയില്‍ നിന്നല്ലാതെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും മികച്ച വിജയമാകാന്‍ ധുരന്ധറിനായിരുന്നു. റണ്‍വീര്‍ സിംഗിനൊപ്പം സഞ്ജയ് ദത്ത്, ആര്‍. മാധവന്‍, അര്‍ജുന്‍ രാംപാല്‍, അക്ഷയ് ഖന്ന തുടങ്ങിയ വന്‍ താരനിരയാണ് ധുരന്ധറില്‍ അണിനിരന്നത്.