1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Kalabhavan Mani death Anniversary

കലാഭവന്‍ മണി ഓര്‍മയായിട്ട് ഏഴ് വര്‍ഷം

Kalabhavan Mani death Anniversary
പ്രിയ നടന്‍ കലാഭവന്‍ മണിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ മലയാള സിനിമാലോകം. മണിനാദം നിലച്ചിട്ട് ഇന്നേക്ക് ഏഴ് വര്‍ഷമായി. 2016 മാര്‍ച്ച് ആറിനാണ് മണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 45-ാം വയസ്സിലാണ് മണി ഈ ലോകം വിട്ടുപോയത്. 1971 ജനുവരി ഒന്നിനാണ് താരത്തിന്റെ ജനനം. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് തുടങ്ങി മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും മണി അഭിനയിച്ചിട്ടുണ്ട്. 
 
കൊച്ചിന്‍ കലാഭവന്‍ മിമിക്‌സ് പരേഡിലൂടെയാണ് മണി കലാരംഗത്ത് സജീവമായത്. തൃശൂര്‍ ജില്ലയിലെ ചാലക്കുടി സ്വദേശിയായ മണി മികച്ചൊരു നാടന്‍പാട്ട് കലാകാരന്‍ കൂടിയാണ്. അക്ഷരം എന്ന ചിത്രത്തിലെ ഓട്ടോ ഡ്രൈവറുടെ വേഷത്തിലൂടെയാണ് മണി സിനിമാലോകത്തേക്ക് എത്തിയത്. ലോഹിതദാസ്-സുന്ദര്‍ദാസ് കൂട്ടുകെട്ടില്‍ പിറന്ന സല്ലാപം എന്ന ചിത്രത്തിലെ ചെത്തുകാരന്‍ രാജപ്പന്‍ എന്ന വേഷം മണിയെ കൂടുതല്‍ ശ്രദ്ധേയനാക്കി. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍ എന്നീ ചിത്രങ്ങള്‍ മണിക്ക് ജനപ്രീതി നേടികൊടുത്തു. 
 
മണിയുടെ മരണത്തില്‍ കുടുംബാംഗങ്ങള്‍ ദുരൂഹത ആരോപിച്ചിരുന്നു. അതിനു പിന്നാലെ വിശദമായ അന്വേഷണം നടന്നു. സിബിഐയാണ് കലാഭവന്‍ മണിയുടെ മരണത്തെ കുറിച്ച് അന്വേഷണം നടത്തിയത്. ഒടുവില്‍ 2019 ല്‍ സിബിഐ അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. 
 
ഗുരുതരമായ കരള്‍ പ്രശ്നങ്ങളെ തുടര്‍ന്നാണ് കലാഭവന്‍ മണി മരിച്ചതെന്നാണ് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നത്. മറ്റ് ദുരൂഹതകളെല്ലാം സിബിഐ തള്ളി. കരളിന്റെ ആരോഗ്യനില വഷളായിരുന്നു. അമിത അളവില്‍ മദ്യപിച്ചത് മരണത്തിലേക്ക് നയിക്കുകയായിരുന്നെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയതലത്തില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ ബോര്‍ഡിന്റെ പഠനം വിശകലനം ചെയ്താണ് സിബിഐ 35 പേജുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ റിപ്പോര്‍ട്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. 
 
കരളിനെ ബാധിച്ച ചൈല്‍ഡ് സി സിറോസിസാണ് മണിയുടെ മരണകാരണം. മീഥൈല്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യവും മണിയുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇത് മദ്യത്തില്‍ നിന്ന് ആകാമെന്നായിരുന്നു വിലയിരുത്തല്‍. ശരീരത്തില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം നാല് ഗ്രാം മാത്രമായിരുന്നു. ഇത് അപകടകരമായ അളവില്‍ അല്ല. കരള്‍ ദുര്‍ബലമായതിനാല്‍ മീഥൈല്‍ ആല്‍ക്കഹോള്‍ പുറംതള്ളാന്‍ ശരീരത്തിനു സാധിച്ചിരുന്നില്ല. 
 
ഭക്ഷണത്തിലൂടെ അടിഞ്ഞു കൂടിയ ക്ലോര്‍പൈറിഫോസ് എന്ന കീടനാശിനിയും ശരീരത്തില്‍ കണ്ടെത്തിയിരുന്നു. പച്ചക്കറി വേവിക്കാതെ കഴിച്ചതിനാല്‍ ശരീരത്തില്‍ കടന്നതാണ് ഇതെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. ആയുര്‍വേദ ലേഹ്യം ഉപയോഗിച്ചിരുന്നതിനാല്‍ ഇതില്‍ നിന്നാണ് കഞ്ചാവിന്റെ അംശം ശരീരത്തില്‍ എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
 
 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
മണി ഓര്‍മ്മകളില്‍ സിനിമാലോകം, പ്രിയ നടന്റെ ഏഴാം ഓര്‍മ്മദിനം