സംസ്ഥാനത്ത് തെരുവുനായ ആക്രമണം വർധിക്കുന്നു; ഇടപെടാതെ സർക്കാർ
ഈ മാസം ആദ്യം, കോട്ടയം വടവാതൂരിൽ ട്യൂഷന് പോവുകയായിരുന്ന ആറുവയസ്സുകാരന് തെരുവുനായയുടെ കടിയേറ്റിരുന്നു
കേരളത്തിൽ തെരുവുനായ ആക്രമണം വർധിക്കുമ്പോഴും കാര്യക്ഷമമായി ഇടപെടാതെ സർക്കാർ. കുട്ടികളും വയോജനങ്ങളുമാണ് ഏറ്റവുമധികം ആക്രമണത്തിനു ഇരയാകുന്നത്. വളർത്തുമൃഗങ്ങൾക്ക് തെരുവുനായ ആക്രമണം ഏൽക്കുന്നതും നിത്യസംഭവമായി.
ഈ മാസം ആദ്യം, കോട്ടയം വടവാതൂരിൽ ട്യൂഷന് പോവുകയായിരുന്ന ആറുവയസ്സുകാരന് തെരുവുനായയുടെ കടിയേറ്റിരുന്നു. കൊല്ലം ക്ലാപ്പന പഞ്ചായത്തിലെ വിവിധ വാർഡുകളിൽ തെരുവു നായകളുടെയും പേപ്പട്ടികളുടെയും ശല്യം രൂക്ഷമാണ്. വീടിനുള്ളിൽ ഉറങ്ങിക്കിടക്കുന്ന കുഞ്ഞുങ്ങൾക്ക് നേരെയും തെരുവുനായ ആക്രമണമുണ്ടായി.
കൊച്ചിയിൽ ഈ മാസം ആദ്യം മൂന്ന് പേരെ കടിച്ച തെരുവുനായക്ക് പേ വിഷബാധ സ്ഥിരീകരിച്ചിരുന്നു. കാട്ടുകുന്ന് കളനാട്ടിൽ മുഹമ്മദ് റാഫി, കിളിയേത്ത് മൊയ്തീൻ കുഞ്ഞ്, അഞ്ചാം ക്ലാസ് വിദ്യാർഥി മടത്താട്ട് സിയാൻ എന്നിവർക്കാണ് നായയുടെ കടിയേറ്റത്. അടുത്ത ദിവസം നായയെ ചത്ത നിലയിലും കണ്ടെത്തിയിരുന്നു. വളർത്ത് മൃഗങ്ങളെ കടിച്ചുകൊല്ലുന്നതും പതിവാണ്. കണ്ണൂർ കൂടാളിയിൽ നിരവധി കോഴികളെയും പാലക്കാട് ഒറ്റപ്പാലത്ത് ഏഴ് ആടുകളെയുമാണ് തെരുവുനായ കടിച്ചുകൊന്നത്.