സമ്മർ വെക്കേഷൻ തൂക്കാൻ ഇവരെത്തുന്നു; അതിരടി റിലീസ് തീയതി പുറത്ത്
ചിത്രത്തിന്റെ ചിത്രീകരണം ഈ ആഴ്ച പൂർത്തിയാവും
നവാഗതനായ അരുൺ അനിരുദ്ധൻ്റെ സംവിധാനത്തിൽ ബേസിൽ ജോസഫ് - ടൊവിനോ തോമസ് വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന അതിരടി റിലീസിനൊരുഹ്ങുന്നു. മെയ് 15നായിരിക്കും ആഗോളതലത്തിൽ ചിത്രം പ്രേക്ഷകരിലേക്കെത്തുക. ഡോ. അനന്തു എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ് മാസ്സ് കോമഡി ക്യാമ്പസ് ആക്ഷൻ എന്റെർറ്റൈനെർ ആയൊരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ ചിത്രീകരണം ഈ ആഴ്ച പൂർത്തിയാവും. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും ആണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാർ. ക്യാമ്പസിന്റെ പശ്‌ചാത്തലത്തിൽ ആക്ഷനും കോമഡിയും കോർത്തിണക്കി ഒരുക്കുന്ന ഒരു പക്കാ ഫെസ്റ്റിവൽ ചിത്രമായാണ് അതിരടി ഒരുങ്ങുന്നത്. അടുത്തിടെ കോളേജ് വിദ്യാർത്ഥിയുടെ ലുക്കിലുള്ള ബേസിലിൻ്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവന്നിരുന്നു. സാം ബോയ് എന്ന കഥാപാത്രത്തെയാണ് ബേസിൽ അവതരിപ്പിക്കുന്നത്.
ബേസിൽ ജോസഫ്, ടോവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരെ ചേർത്തിണക്കിയുള്ള ചിത്രത്തിന്റെ മാസ്-ഫൺ ടൈറ്റിൽ ടീസറും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. വെക്കേഷൻ കാലത്തെത്തുന്ന ചിത്രമായതിനാൽ തന്നെ വലിയ പ്രതീക്ഷയോടെയാണ് കുടുംബ പ്രേക്ഷകരടക്കം ചിത്രത്തെ കാത്തിരിക്കുന്നത്.
ബേേസിൽ ജോസഫ് ഒരുക്കിയ മിന്നൽ മുരളി എന്ന ചിത്രത്തിലെ രചയിതാക്കളിൽ ഒരാളായിരുന്നു അരുൺ അനിരുദ്ധ്.