മോഹന്‍ലാല്‍. അദ്ദേഹം യഥാര്‍ത്ഥത്തില്‍ മലയാളിക്ക് ആരാണ്? വെറും ഒരു നടന് മാത്രമാണോ? മോഹന്‍ലാലിനെപ്പോലെ ഒരു മകന്, ഒരു സഹോദരന് ഉണ്ടായിരുന്നെങ്കില്‍ എന്ന് സ്ത്രീകള്‍ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്? ലാലിന്റെ കുസൃതികളില്‍ കേരളം മുഴുവന്‍ ആഹ്ലാദം കണ്ടെത്തുന്നത് എന്തുകൊണ്ടാണ്? ലാലിന്റെ കണ്ണുനിറയുമ്പോള്‍ അറിയാതെ നമ്മുടെയും കണ്ണുകള്‍ നീരണിയുന്നത് എന്തുകൊണ്ടാണ്? നിര്‍വചിക്കപ്പെടാനാകാത്ത ഒരു കരിസ്മ മോഹന്‍ലാലിലുണ്ട് എന്നത് ആരും സമ്മതിക്കും. ആരെയും തന്നിലേക്ക് ആകര്‍ഷിക്കാനുള്ള ഒരു മാന്ത്രികത ലാലിന്റെ സംസാരത്തിലും ചിരിയിലും പെരുമാറ്റത്തിലുമുണ്ട്. മലയാളികളിലെല്ലാം ഒരു ‘ലാലിസം’ ഉണ്ട് എന്നത് ഏറെ പ്രശസ്തമായ ഒരു പ്രയോഗമാണ്. മലയാളികളെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു വ്യക്തിയില്ല. കടുത്ത മോഹന്‍ലാല്‍ വിമര്‍ശകര്‍ പോലും ചിലപ്പോഴൊക്കെ ലാലിനെപ്പോലെ ചെരിഞ്ഞു നടക്കുകയും കുസൃതിയോടെ കണ്ണിറുക്കുകയും ചെയ്യുന്നു. അറിയാതെയെങ്കിലും ഇടയ്ക്കൊക്കെ ‘മോനേ ദിനേശാ...’ എന്ന് നാവില്‍ വരുന്നു.