വൈശാഖ് രാജന് മോഹന്‍ലാലിന്‍റെ ഡേറ്റ്?

WEBDUNIA| Last Modified ചൊവ്വ, 31 ജനുവരി 2012 (21:07 IST)
PRO
‘പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍’ എന്ന സിനിമയിലൂടെ മോഹന്‍ലാലിനെ അധിക്ഷേപിച്ചു എന്ന ആരോപണവും തുടര്‍ന്ന് കത്തിപ്പടര്‍ന്ന വിവാദങ്ങളും പുതിയ വഴിത്തിരിവിലേക്ക്. ചിത്രത്തിന്‍റെ നിര്‍മ്മാതാവ് വൈശാഖ് രാജന്‍ നിര്‍മ്മിക്കുന്ന അടുത്ത സിനിമയില്‍ മോഹന്‍ലാല്‍ നായകനാകുമെന്നറിയുന്നു. മോഹന്‍ലാലിനെ നായകനാക്കിയുള്ള ബിഗ്ബജറ്റ് സിനിമയ്ക്ക് വൈശാഖ് രാജന് ലാല്‍‌ക്യാമ്പ് പച്ചക്കൊടി കാട്ടിയതായി സൂചന.

‘സരോജ്കുമാറി’ല്‍ മോഹന്‍ലാലിനെതിരായ ആക്ഷേപങ്ങളൊന്നും തന്‍റെ അറിവോടെയല്ലെന്നും അതിന് ഉത്തരവാദികള്‍ സംവിധായകനും ക്യാമറാമാനുമാണെന്നും മോഹന്‍ലാലിനെയും സുഹൃത്തുക്കളെയും നിര്‍മ്മാതാവ് അറിയിച്ചതായാണ് സൂചന. ‘സരോജ്കുമാറി’ന്‍റെ പരസ്യങ്ങളില്‍ നിന്ന് സംവിധായകന്‍റെയും ക്യാമറാമാന്‍റെയും പേരുകള്‍ നീക്കം ചെയ്യാന്‍ നേരത്തേ നിര്‍മ്മാതാവ് തീരുമാനിച്ചിരുന്നു.

അതേസമയം, സരോജ്കുമാറിന്‍റെ പോസ്റ്ററുകളില്‍ നിന്ന് ക്യാമറാമാന്‍ എസ് കുമാറിന്‍റെ പേര് നീക്കം ചെയ്ത നടപടിക്കെതിരെ ഛായാഗ്രാഹകരുടെ സംഘടന നീക്കം ആരംഭിച്ചു. വൈശാഖ് രാജന്‍ നിര്‍മ്മിക്കുന്ന സിനിമകളോട് സഹകരിക്കേണ്ടതില്ലെന്ന് സംഘടന തീരുമാനിച്ചേക്കും.

സംവിധായകന്‍ സജിന്‍ രാഘവനെതിരെ നിര്‍മ്മാതാവ് നടത്തിയ നീക്കങ്ങളില്‍ ഫെഫ്ക നേതൃത്വം നിശബ്ദത പാലിച്ചതിനോട് പ്രതിഷേധവുമായി ഒരു വിഭാഗം സംവിധായകരും രംഗത്തെത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :